നിലക്കടല പാടങ്ങള്‍ തേടി തമിഴ്നാട്ടിലെ കച്ചവടക്കാര്‍ പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്. പച്ചക്കറിയും മുട്ടയും കോഴിയും ഉള്‍പ്പെടെ പലതും തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഇത്തവണ നിലക്കടലയുടെ കാര്യത്തില്‍ സംഗതി തിരിച്ചാണ്. പാലക്കാട്ടു നിന്ന് തമിഴ്നാട്ടിലേക്ക് നിലക്കടല പോകും.
തമിഴ്നാട്ടില്‍ ഇത്തവണ കുറച്ചുസ്ഥലത്ത് മാത്രം കടലക്കൃഷി ഇറക്കിയതും കേരളത്തില്‍ പതിവിനു വിപരീതമായി കൃഷി വര്‍ധിച്ചതുമാണ് തമിഴ്നാട് വ്യാപാരികളെ കേരളത്തിലേക്കു വണ്ടി കയറാന്‍ പ്രേരിപ്പിച്ചത്.
കേരളത്തേക്കാള്‍ നിലക്കടലയ്ക്കു പ്രിയം തമിഴ്നാട്ടിലാണ്. അവിടെ നിലക്കടല മിഠായി ഉണ്ടാക്കുന്ന ചെറുകിട കമ്പനികളുണ്ട്. ഇതിനു പുറമ കടലയെണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകളിലേക്കും ധാരാളം നിലക്കടല ആവശ്യമാണ്. കടല വിളവെടുപ്പിന് ഒരു മാസം മുമ്പു തന്നെ നിലക്കടല വാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഏജന്റുമാര്‍ എത്തി അഡ്വാന്‍സ് നല്കി.
വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് നിലക്കടല പോകുന്നത്. ഇത്തവണ ഉണ്ടായ കഠിനമായ വരള്‍ച്ചയാണ് നിലക്കടല കൃഷിക്കു സഹായകമായത്. വളരെ കുറഞ്ഞ അളവില്‍ മാത്രം വെള്ളമാണ് നിലക്കടല കൃഷിക്ക് ആവശ്യം. വെള്ളം കുറവ് വേണ്ട കൃഷിയെന്ന രീതിയിലാണ് ഇത്തവണ പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിത്യകാഴ്ച്ചയായിരുന്നു നിലക്കടല പാടങ്ങള്‍. നിലക്കടല വില കുറയുകയും തമിഴ്നാട് നിലക്കടല കൃഷി തമിഴ്നാട്ടില്‍ വ്യാപകമാവുകയും ചെയ്തതോടെയാണ് കേരളത്തിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.
ഇത്തവണ തമിഴ്നാട്ടില്‍ കടല കൃഷി കുറയുകയും കേരളത്തില്‍ വരള്‍ച്ച കാരണം കൂടുതല്‍ പേര്‍ കടലയിലേക്കു തിരിയുകയും ചെയ്തതോടെയാണ് അവര്‍ ഇവിടേക്കു വരാന്‍ തുടങ്ങിയത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുതലമട, പട്ടഞ്ചേരി, പെരുമാട്ടി , കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് ഏറ്റവുമധികം നിലക്കടലക്കൃഷി ചെയ്യുന്നത്
രണ്ടു മാസംകൊണ്ട് നല്ല വിളവു ലഭിക്കുന്ന വിത്തായതിനാല്‍ കൂടുതല്‍ കര്‍ഷകരും ഇത്തവണ നിലക്കടല കൃഷിയിറക്കാനാണ് താല്‍പ്പര്യം കാണിച്ചത്. ഇത്തവണ തൊഴിലുറപ്പു പണികള്‍ കുറവായതിനാല്‍ പണിക്കായി സ്ത്രീകളേയും കിട്ടിയത് കര്‍ഷകര്‍ക്ക് അനുകൂലമായി. ഒന്നു രണ്ട് മാസത്തിനകം നിലക്കടല വിളവെടുപ്പിനു തയ്യാറാകും.
Share your comments