തിരുവനന്തപുരം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉല്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയൊരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് വി ജെ ടി ഹാളില്‍ നടക്കുന്ന കേരള വിപണനോത്സവം. കരവിരുതില്‍ മെനഞ്ഞ വ്യത്യസ്തങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ശില്പങ്ങളും വാങ്ങാനും കാണാനുമായി നിരവധി പേരാണ് ദിനവും ഇവിടെയെത്തുന്നത്.
രാജസ്ഥാന്‍, സിക്കിം, ജമ്മു-കാശ്മീര്‍, തെലുങ്കാന, ഒഡീഷ മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്ന്നങ്ങള്‍. തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര. സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉല്പന്നങ്ങള്‍. ഹരിയാന, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന ആഭരണങ്ങള്‍. കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജനങ്ങള്‍, ഓര്‍ഗാനിക് കോഫി, തുകല്‍/മുള ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഉള്‍ക്കൊള്ളുന്ന അന്‍പതില്‍പരം സ്റ്റാളുകളാണ് മേളയിലുള്ളത്.
ഷോകെയ്‌സുകളെ അലങ്കാരമാക്കുന്നതിനും അടുക്കളയില്‍ ഉപയോഗിക്കുന്നതിനും അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നതിനുമായി മുളയിലും ഈറയിലും തീര്‍ത്ത നിരവധി ഉത്പന്നങ്ങള്‍, കാര്‍ഷികോല്പന്നങ്ങള്‍, പുത്തന്‍ തലമുറകളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ആഭരണങ്ങള്‍, ചുമര്‍ചിത്ര ശൈലിയില്‍ വരച്ച പെയ്ന്റിംഗുകള്‍, ബന്ധാനി നാച്ചുറല്‍ സാരീസ്, സില്‍ക്ക് സാരികള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ലഭ്യമാണ്. നബാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേള ഫെബ്രുവരി 28 ന് സമാപിക്കും.
Dhanya
Share your comments