
1. സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കർഷക ദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, ഡോ. ആർ. ബിന്ദു, എം.എൽ.എ. മാർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകളാണ് വിതരണം ചെയ്തത്. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവനും കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോൾ ജെ.എസിനും ലഭ്യമായി. കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾക്കൊപ്പം പുതുതായി ചേർത്ത ആറ് അവാർഡുകൾ കൂടി ഉൾപ്പെടുത്തി 46 വിഭാഗങ്ങളിലാണ് ഇത്തവണ അവാർഡുകൾ നൽകിയത്.
കൂടുതൽ വിവരങ്ങൾക്ക്: https://malayalam.krishijagran.com/news/state-farm-awards-announced-awards-distribution-on-farmers-day/
2. സപ്ലൈകോയിൽ വീണ്ടും ഹാപ്പി അവേഴ്സ്; ഓണം പ്രമാണിച്ച് സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വിലക്കുറവിൽ ലഭ്യമാക്കാൻ ദിവസവും രണ്ടുമണിക്കൂര്‍ വീതം ജൂലൈ 31 വരെ അനുവദിച്ചിരുന്ന സപ്ലൈകോയുടെ ഹാപ്പി അവേഴ്സ് വീണ്ടും ആരംഭിച്ചു. ഓഗസ്റ്റ് 16-ാം തീയതി മുതൽ 24-ാം തീയതി വരെയാണ് ഇത്തവണ ഹാപ്പി അവേഴ്സ് പദ്ധതി നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം നാലു മണി വരെയുള്ള സമയങ്ങളിൽ തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് 10 ശതമാനം അധിക വിലക്കിഴിവു ലഭിക്കും. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ് ഒഴികെയുള്ള സപ്ലൈകോ ചില്ലറ വില്‍പ്പനശാലകളില്‍ ഹാപ്പി അവേഴ്‌സ് പ്രകാരം വിലക്കിഴിവുണ്ട്. സബ്‌സിഡിയില്ലാത്ത, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ടാകുന്നതാണ്. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കുള്ള വിലക്കിഴിവിനു പുറമേയാണ് ഹാപ്പി അവേഴ്സ് പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയിലെ അരിവില പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് 25 രൂപ നിരക്കില്‍ 20 കിലോ ഓണം സ്‌പെഷ്യല്‍ അരിയും ലഭ്യമാക്കുന്നതാണ്.
3. സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള - കർണാടക - തീരങ്ങളിൽ 19 -ാം തീയതി വരെയും ലക്ഷദ്വീപ് തീരത്ത് 20-ാം തീയതി വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments