ഹരിതോത്സവങ്ങൾ മാതൃകാപരമായി സംഘടിപ്പിച്ചതിന് മുഹമ്മ സിഎംഎസ് എൽ പി സ്കൂളിന് സംസ്ഥാന ഹരിത മിഷന്റെ ആദരം. പൊതു വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ഹരിത കേരള മിഷനും ചേർന്ന് നടപ്പാക്കാൻ ആഹ്വാനം ചെയ്ത 10 ഹരിതോത്സവങ്ങൾ ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയതിനാണ് ആദരവ്.ഈ നേട്ടത്തിന് അർഹമായ ഏക സ്കൂളാണിത്.
പ്രകൃതിയേയും വിദ്യാർഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പത്ത് ദി നാചരണങ്ങളാണ് നടപ്പാക്കാൻ നിർദേശിച്ചിരുന്നത്. പരിസ്ഥിതി, ഡോക്ടേഴ്സ് ഡെ, ലോകപ്രകൃതിസംരക്ഷണ ദിനം, ദേശീയ കായിക ദിനം, ഗാന്ധിജയന്തി, പുനരുപയോഗ ദിനം, ഓസോൺ ദിനം, ലോക ഭക്ഷ്യ ദിനം, സാർവദേശീയ വിദ്യാർഥി ദിനം എന്നിവയാണ് സ്കൂളിൽ നടപ്പാക്കിയത്. അധ്യാപകരും മാനേജ്മെൻറും പി ടി എ യുമായി ചേർന്നാണ് ഈ ദിനങ്ങൾ വേറിട്ട രീതിയിൽ ആഘോഷിച്ചത്.ഇതിലെ സംഘാടക മികവിനുള്ള അംഗീകാരം കൂടിയാണ് ആദരം.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഹരിത മിഷൻ വൈസ് ചെയർപേഴ്സൺ ഡോ: ടി എൻ സീമയിൽ നിന്നും സ്കൂൾ മാനേജർ ജിജി ജോസഫ്, പ്രധാനാധ്യാപിക ജോളി തോമസ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.പി ടി എ വൈസ് പ്രസിഡന്റ് മഹേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ, സിഎസ് ഐ സഭ പരിസ്ഥിതി സമിതി സെക്രട്ടറി ഡോ.മാത്യു കോശി പുന്നയ്ക്കൽ, ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷ്, സീനിയർ അസിസ്റ്റന്റ് സിസി, സ്റ്റാഫ് സെക്രട്ടറി ജെസി തോമസ് എന്നിവർ സംസാരിച്ചു.
Share your comments