1. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർ ഇനിമുതൽ ഖാദി കോട്ട് ധരിക്കും. കടുത്ത പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയെ തിരിച്ചു കൊണ്ടുവരാനാണ് ഖാദി ബോർഡിന്റെ നീക്കം. ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഖാദി കോട്ട് വിതരണം ചെയ്തു. കോട്ട് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ ഖാദി കോട്ടുകൾ ഏറ്റുവാങ്ങി. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിർമിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ: പൈപ്പ്ലൈൻ വഴി പാചക വാതകം; സിറ്റി ഗ്യാസ് വീടുകളിൽ..കൂടുതൽ കൃഷി വാർത്തകൾ
2. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സബ്സിഡി ഉൽപന്നങ്ങളുടെ വരവ് നിലച്ചതോടെ സപ്ലൈകോ സ്റ്റോറുകളിൽ പലവ്യഞ്ജനങ്ങൾക്ക് ക്ഷാമം. നഷ്ടം നിയന്ത്രിക്കാനായി സബ്സിഡി വെളിച്ചെണ്ണയുടെ വിതരണം താൽകാലികമായി നിർത്തിവച്ചു. വാങ്ങിയ സാധനങ്ങളുടെ വില കുടിശികയാക്കിയതിൽ പ്രതിഷേധിച്ചാണ് വിതരണക്കാർ സാധനങ്ങൾ നൽകാത്തത്. സബ്സിഡി ഇനത്തിലുള്ള ഈ വർഷത്തെ തുക സർക്കാർ ഇതുവരെ നൽകിയിട്ടില്ല. അരി, ഉഴുന്ന്, മുളക്, കടല, ചെറുപയർ എന്നീ സബ്സിഡി ഇനങ്ങളുടെ നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ ഇനി സാധനങ്ങൾ കിട്ടാതാകും. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രം 155 കോടി രൂപയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. വെളിച്ചെണ്ണയും പഞ്ചസാരയുമാണ് സബ്സിഡി സാധനങ്ങളിൽ കൂടുതൽ വിൽപന നടത്തുന്നത്.
3. ഹൈഡ്രോപോണിക്സ് കൃഷിയിൽ വിജയംനേടി ആലപ്പുഴ സ്വദേശി സി. ഹരിഹരൻ നാണു. മുളക്, വെണ്ട, പപ്പായ, വാഴ തുടങ്ങി എല്ലാതരം പച്ചക്കറികളും ഹൈഡ്രോപോണിക്‌സ് രീതിയിലാണ് ഷെഫ് ഗാർഡൻ ഫാമിൽ ഹരിഹരൻ കൃഷി ചെയ്യുന്നത്. ഹൈഡ്രോപോണിക്‌സ് കൃഷി ശാസ്ത്രീയമായി പഠിക്കുന്നതിന് യുവജനങ്ങളെയും കർഷകരെയും പ്രാപ്തരാക്കാൻ വിദഗ്ധ പരിശീലനവും ഹരിഹരൻ നൽകുന്നുണ്ട്. മണ്ണിന് പകരം ജലം, കൊക്കോപ്പിത്, പെർലൈറ്റ്, വെർമിക്കുലേറ്റ് എന്നിവ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സാധാരണ ചെടിയിലുണ്ടാകുന്ന വിളവിന്റെ നാലിരട്ടി ഹൈഡ്രോപോണിക് കൃഷിയിലൂടെ നേടാൻ സാധിക്കും. കൃഷിക്കാരനായും പരിശീലകനായും 17 വർഷമായി ഹരിഹരൻ കേരളത്തിലും വിദേശ രാജ്യങ്ങളിലും സേവനം നടത്തുന്നുണ്ട്. 2012ൽ മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ ഹരിതമിത്ര അവാർഡും അദ്ദേഹം സ്വന്തമാക്കി.
4. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൊല്ലം പോരുവഴി ഗ്രാമപഞ്ചായത്തിലാണ് പരിപാടി നടന്നത്. ഈ മാസം 15ന് ആരംഭിച്ച കുത്തിവയ്പ്പ് ഡിസംബർ 8 വരെ തുടരും. പൂർണമായും സൗജന്യമായ പദ്ധതി എല്ലാ ക്ഷീരകർഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അറിയിച്ചു.
5. സപ്ലൈകോ നെല്ലുസംഭരണത്തിൽ കർഷകർക്ക് 129 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. നെല്ലുസംഭരണ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ കർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയാണ് അനുവദിച്ചത്. ഈ സംഭരണ സീസണിൽ നെല്ല് നൽകിയിട്ടുള്ള കർഷകർക്ക് ഉടൻ പണം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഇനിമുതൽ, നെല്ല് സംഭരിക്കുന്ന കർഷകർക്ക് ഉടൻ തന്നെ പണം ലഭ്യമാക്കാൻ സപ്ലൈകോ കേരള ബാങ്കുമായി കരാറിലേർപ്പെടുന്നതിന് ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
6. വയനാട് ജില്ലയിൽ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് പരിശീലനം. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെയും വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.
7. ജലാശയങ്ങളിലെ പോളശല്യം പരിഹരിക്കാനുള്ള ഉപകരണങ്ങളുടെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെയും കുമരകം കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്. ഒരു വർഷത്തോളം നടന്ന ഗവേഷണത്തിൽ വികസിപ്പിച്ച മൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ പരീക്ഷണങ്ങളാണ് കോട്ടയത്ത് ആരംഭിച്ചത്. കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നീക്കം ചെയ്യാൻ എല്ലാവർക്കും അനായാസം സാധിക്കുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകൽപ്പന.
8. വയനാട്ടിൽ പച്ചക്കറി കർഷകരുടെ എണ്ണം കുറയുന്നു. വിലയിടിവും വന്യജീവി ശല്യവുമാണ് കൃഷിയിൽ നിന്ന് കർഷകരെ അകറ്റുന്നത്. പാക്കം, ദാസനക്കര, നീർവാരം പ്രദേശങ്ങളിലെല്ലാം കൃഷിയിടങ്ങൾ നാൾക്കുനാൾ കുറയുകയാണ്. പാവൽ, പയർ, പടവലം തുടങ്ങിയ പച്ചക്കറികളാണ് ഇവിടങ്ങളിൽ കൂടുതൽ കൃഷി ചെയ്യുന്നത്. അനുകൂലമായ കാലാവസ്ഥയും കമ്പോളവുമുണ്ടെങ്കിൽ കർഷകർക്ക് മികച്ച ലാഭം നേടാം. എന്നാൽ പച്ചക്കറികൾക്ക് ന്യായമായ തറവില സർക്കാർ ഉറപ്പാക്കണമെന്ന് കർഷകർ പറയുന്നു. അനുകൂലമായ മണ്ണും കാലാവസ്ഥയുമുള്ള വയനാട്ടിൽ സർക്കാർ സഹായം കൂടി ഉണ്ടെങ്കിൽ മാത്രമെ പച്ചക്കറി കൃഷി ലാഭകരമാക്കാൻ സാധിക്കൂ. ജലസേചനവും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ്.
9. 'കബനിക്കായ് വയനാട്' കാമ്പയിനിന്റെ ഭാഗമായി വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ മാപ്പത്തോൺ പ്രവർത്തനങ്ങൾ പൂർത്തിയായി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കബനി നദിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന കാമ്പയിനാണ് 'കബനിക്കായ് വയനാട്'. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 15 തദ്ദേശ സ്ഥാപനങ്ങളെയാണ്. കബനി നദിയുടെ സുസ്ഥിര നിലനിൽപ് ഉറപ്പു വരുത്തുക, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ലഘൂകരിക്കുക, കബനി നദിയെയും ചെറിയ നീർച്ചാലുകളെയും ശാസ്ത്രീയ മാപ്പിങിലൂടെ രേഖപ്പെടുത്തി അവതരിപ്പിക്കുക, നദിയുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് ആസൂത്രണം നടത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
10. ഖത്തറിലെ പ്രശസ്തമായ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദഹ്ൽ അൽ മിസ്ഫിർ സിങ്ക് ഹോൾ സന്ദർശകർക്കായി തുറന്നു. ഖത്തർ മ്യൂസിയത്തിന്റെ വിശദമായ ഭൂമിശാസ്ത്ര ഗവേഷണ പഠനങ്ങൾക്ക് ശേഷമാണ് ഗുഹ തുറന്നത്. ഏകദേശം 40 മുതൽ 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഗുഹ രൂപപ്പെട്ടതായി കണക്കാക്കുന്നു. ഡുഗോംഗുകൾ എന്നറിയപ്പെടുന്ന കടൽപശുക്കളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഗുഹയിൽ ഗവേഷണം നടന്നത്.
11. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Share your comments