കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ രീതികൾ ശീലിപ്പിക്കുന്നതിനുള്ള നല്ല ശ്രമം കാലോചിതമായി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ, വിവ കേരളം, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയുള്ളിടത്താണ് വിളർച്ചയെന്ന് കണക്കാക്കേണ്ടതില്ല. സമ്പത്തുള്ള വീടുകളിലും വിളർച്ചയുള്ളവരുണ്ട്. ആവശ്യമായ രീതിയിലുളള ഭക്ഷണം ഉള്ളിലെത്താത്തതാണ് ഇതിന് കാരണം.ഭക്ഷണ ശീലത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയെന്നതാണ് പ്രധാനം.ഭക്ഷണ ശീലത്തിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകണം. യുവതലമുറയെ ഒരു തരത്തിലും രോഗങ്ങളിലേക്ക് തള്ളിവിടാൻ പാടില്ല. വിളർച്ച സംബന്ധിച്ച് ആദിവാസി മേഖലയിൽ അവരുടെതായ ഭാഷയിൽ ബോധവൽക്കരണം നടത്തും സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. വ്യക്തിയുടെ ആരോഗ്യത്തിനൊപ്പം പൊതു സമൂഹത്തിൻ്റെ ആരോഗ്യവും സംരക്ഷിക്കുകയെന്നതാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരമുറപ്പാക്കി വ്യക്തിയുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
ഇതിൻ്റെ ഭാഗമായി, മുപ്പത് വയസിന് മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന സംവിധാനം ഏർപ്പെടുത്തി. മുപ്പത് വയസിന് മുകളിലുള്ള1.69 കോടി പേരിൽ 80 ലക്ഷം പേരെ ഇത് വരെ സ്ക്രീൻ ചെയ്തു. ജീവിത ശൈലി രോഗ പ്രതിരോധത്തിന് ഈ പരിശോധനാ സംവിധാനം ഫലപ്രദമാകും.മന്ത്രി വീണാ ജോർജ് പറഞ്ഞു. വിളർച്ച വിമുക്ത കേരളമെന്നതാണ് വിവ പദ്ധതിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു.
കേരള നിയസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയരക്ടർ മൃൺമയി ശശാങ്ക് ജോഷി, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, വനിതാ ശിശു വികസന വകുപ്പ് ഡയരക്ടർ ജി പ്രിയങ്ക, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ഐ എസ് എം ഡയരക്ടർ ഡോ പ്രിയ കെ എസ്, ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക് എന്നിവർ പങ്കെടുത്തു.
Share your comments