സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലാണ് അടുത്ത് അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളത്. മെയ് 2 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്. തൃശ്ശൂരിൽ 29, 30 എന്നീ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
നാളെ മുതൽ മെയ് 2 വരെ കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അതേസമയം തന്നെ സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രത്യേക ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരളാ തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടമേഖലകളിലുള്ളവർ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നാൽ ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
എന്നിരുന്നാലും കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനിലയാണ്. ഏപ്രിൽ മാസത്തിൽ ഇത് വരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട് ജില്ലയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് ആയ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. അതോടൊപ്പം സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നതിന് വനിതാ ശിശു വികസന വകുപ്പും നിർദ്ദേശിച്ചു. അങ്കണാവാടികളുടെ പ്രവർത്തനം പതിവ് പോലെ തന്നെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Share your comments