1. കേരളത്തിൽ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യും. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, കൂടിയും കുറഞ്ഞതുമായ താപനിലയാണ് ഓരോ ജില്ലയിലും അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയിൽ 37.4 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം. എന്നാൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കൂടുതൽ വാർത്തകൾ: 'തൈര് മതി, ദഹി വേണ്ട'; നിർദേശം ഒഴിവാക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി
2. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡെന്ന നേട്ടത്തിനരികിലാണ് കണ്ണൂർ ജില്ല. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലും ജില്ലയിൽ ഇനിയുണ്ടാകില്ല. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്ത 284 പേരെ കണ്ടെത്തുകയും, അവരിൽ 272 പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുകയും ചെയ്തു. ബാക്കിയുള്ള 12 പേരെ കൂടി ഉൾപെടുത്തുന്നതോടെ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലും ജില്ലയിൽ ഉണ്ടാകില്ല. അതേസമയം, ഓപ്പറേഷന്‍ യെല്ലോ വഴി 1,666 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുകയും, 30.52 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
3. നെല്ലിന്റെ വിലയായി കർഷകർക്ക് 811 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. 2022-23 സീസണിൽ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ 1,11,953 കർഷകർക്കാണ് പണം നൽകിയത്. ഏപ്രിൽ ആദ്യ വാരത്തോടെ മാർച്ച് 31 വരെ സംഭരിച്ച മുഴുവൻ നെല്ലിന്റെയും വില കർഷർക്ക് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കൈമാറിയിട്ടുണ്ട്.
4. കേരളത്തിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് ഫെബ്രുവരിയിൽ കൊവിഡ് കേസുകൾ തീരെ കുറവായിരുന്നെങ്കിലും മാർച്ചോടെ നേരിയ വർധനവുണ്ടായി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ജനിതക പരിശോധനകളിൽ കൂടുതലും ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന്, പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി.
5. കന്നുകാലികള്‍ക്ക് മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു. മൃഗ സംരക്ഷണവകുപ്പിന്റെ ഇ സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന് പകരം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗിംഗ് ഏർപ്പെടുത്തിയത്. ബയോ കോമ്പാക്റ്റബിള്‍ ഗ്ലാസുകൊണ്ടു നിര്‍മിച്ച ഇലക്ട്രോണിക് ചിപ്പുകൾക്ക് 12 മില്ലിമീറ്റര്‍ നീളവും, രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉണ്ട്. മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കുന്ന ചിപ്പുകൾക്ക് യാതൊരുവിധ റിയാക്ഷനും ഉണ്ടാകില്ല.
6. തരിശുനിലത്തിൽ നിന്നും നൂറുമേനി കൊയ്ത് തൃശൂരിലെ പൂക്കോട് കുട്ടാടൻ പാടശേഖര സമിതി. RIDF പദ്ധതിയുടെ ഭാഗമായി 15 ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കിയെടുത്താണ് ആദ്യഘട്ടത്തിൽ നെൽ കൃഷി ചെയ്തത്. ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നെൽകൃഷി 100 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം.
7. തൃശൂർ എളവള്ളിയിൽ കന്നുകുട്ടി പരിപാലന പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി 16 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത 40 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് നിർവ്വഹിച്ചു. നാലുമാസം മുതൽ ആറുമാസം വരെ പ്രായമുള്ള കന്നുകുട്ടികൾ ഉള്ളവർക്ക് 18 മാസക്കാലം പകുതി വിലയ്ക്ക് ഒരു ചാക്ക് കാലിത്തീറ്റ വീതം വിതരണം ചെയ്യും. കൂടാതെ, ഒരു ക്ഷീരകർഷകന് പദ്ധതി തുകയായി 12,500 രൂപ ലഭിക്കുകയും ചെയ്യും.
8. കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം കല്യാശേരി എംഎൽഎ എം വിജിൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 9 തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉല്പാദനക്ഷമത വർധിപ്പിക്കുക, മൂല്യ വർദ്ധനവിലൂടെ കർഷകന് അധിക വരുമാനം ഉറപ്പു വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
9. എറണാകുളം ചക്കിട്ടപാറ പഞ്ചായത്തിലെ കൊളത്തൂർ കോളനിയിൽ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ ആടുവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൈലറ്റടിസ്ഥാനത്തിൽ മൂന്ന് കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയത്. വിതരണോദ്‌ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ഒരു കുടുംബത്തിന് നാല് വീതം ആടുകളെ ലഭിച്ചു.
10. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിലവിൽ ഡൽഹിയിലെ വായുനിലവാര സൂചിക 170 ആണ്. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട 20ലധികം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ലഖ്നൌ, ജയ്പൂർ, ഡെറാഡൂൺ എന്നവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. പല വിമാനങ്ങളും വളരെ വൈകിയാണ് പുറപ്പെട്ടത്. നഗരത്തിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയും, കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസുമാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments