<
  1. News

സംസ്ഥാനത്ത് മഴ കനക്കുന്നു, കാപ്പിപ്പൊടി വില സർവകാല റെക്കോർഡിൽ.. കൂടുതൽ കാർഷിക വാർത്തകൾ

സംസ്ഥാനത്ത് മഴ കനക്കുന്നു; വെള്ളിയാഴ്ചവരെ തീവ്രമഴ തുടരും, ഓണത്തിനൊരുമുറം പച്ചക്കറി സംസ്ഥാനതല ഉദ്ഘാടനം നാളെ, കാപ്പികുരുവിന്റെ ലഭ്യതക്കുറവ്; കാപ്പിപ്പൊടി വില സർവകാല റെക്കോർഡിൽ, റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം; ജൂലൈ 22 മുതല്‍ 26 വരെ തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കേരളത്തില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. തീവ്രമഴയ്ക്ക് സാധ്യത തുടരുന്നതിനാല്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ സാധ്യത പരിഗണിച്ച് അന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ബുധനാഴ്ച വയനാട്ടിലും മലപ്പുറത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ത്തന്നെ മധ്യപടിഞ്ഞാറന്‍ ഭാഗത്ത് 19-തീയതി മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യത നിലനിൽക്കുന്നു. വെള്ളിയാഴ്ചവരെ തീവ്രമഴ തുടരുമെന്ന് മുന്നറിയിപ്പ്.

2. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11.30 ക്ക് സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മൺചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികൾ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള 1200 ഓളം ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടാൻ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യും. വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

3. കാപ്പിപ്പൊടി വില സർവകാല റെക്കോഡിലെത്തി. കാപ്പിക്കുരുവിന് വില വർധിച്ചതോടെയാണ് കാപ്പിപ്പൊടിയ്ക്കും വിലയിൽ വർദ്ധനവ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 150 രൂപയുടെ വർധന രേഖപ്പെടുത്തി, ഒരു കിലോ കാപ്പിപ്പൊടിക്ക് നിലവിൽ 600 രൂപ മുതൽ 640 രൂപ വരെയെത്തി നിൽക്കുന്നു. കാപ്പിക്കുരുവിന്റെ ലഭ്യതക്കുറവാണ്‌ വില ഉയരാൻ പ്രധാന കാരണം. കാലാവസ്ഥാവ്യതിയാനവും കാപ്പിവിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്. കാപ്പിക്കുരുവിന്റെ ലഭ്യതക്കുറവ് തുടർന്നാൽ കാപ്പിപ്പൊടി വില കൂടുതൽ വർധിക്കാനും സാധ്യത.

4. റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ജൂലൈ 22 മുതല്‍ 26 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353201 എന്ന ഫോണ്‍ നമ്പരിലോ 9446976726 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലോ ബന്ധപ്പെടുക.

English Summary: Heavy rain in Kerala, coffee powder prices in record.. more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds