1. കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയിലും രൂപം കൊണ്ട ചക്രവാതച്ചുഴി മൂലമാണ് മഴ തുടരുന്നത്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കൃഷി വാർത്തകൾ: റേഷൻ കടകൾ തുറന്നു; വിതരണത്തിന് പ്രത്യേക സമയക്രമം..കൂടുതൽ വാർത്തകൾ
2. 3.05 കോടി രൂപയുടെ നഷ്ടപരിഹാരം കൃഷിയിടത്തിൽ വച്ച് അനുവദിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഹരിപ്പാട് സംഘടിപ്പിച്ച കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കൃഷിയിട സന്ദർശനം നടത്തുന്നതിനിടെ ചിങ്ങോലിയിൽ വച്ചാണ് മന്ത്രി വിള ഇൻഷ്വറൻസ് നഷ്ടപരിഹാര ഉത്തരവ് നൽകിയത്. വിവിധ കൃഷിക്കൂട്ടങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങൾക്ക് 80 ശതമാനത്തിൽ കൂടുതൽ സബ്‌സിഡി, ഹരിപ്പാട് ബോയ്സ് ഹയർസക്കന്ററി സ്കൂളിന് പ്രത്യേക കാർഷിക പദ്ധതി, പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്ക് 55 % സർക്കാർ ധനസഹായം തുടങ്ങിയവയ്ക്ക് വേണ്ട നിർദ്ദേശങ്ങളും മന്ത്രി നൽകി.
3. മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പാദനത്തിൽ വയനാടിന്റെ സാധ്യതകൾ വിലയിരുത്തി എന്റെ കേരളം സെമിനാര്‍. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിൽ മത്സ്യകൃഷിയുടെ സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ചയായി. മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പന്നങ്ങള്‍, മത്സ്യ സംസ്‌ക്കരണം എന്നാതായിരുന്നു സെമിനാറിന്റെ വിഷയം. മത്സ്യോൽപന്നങ്ങളുടെ വിപണിമൂല്യം ഇടിയുന്നതാണ് ജില്ലയിലെ മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും ഇവ പരിഹരിക്കുന്നതിനായി മൂല്യവര്‍ദ്ധിത മത്സ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സെമിനാറിൽ വിലയിരുത്തി.
4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡിൽ കൃഷിചെയ്ത ഷമാം കൃഷി വിളവെടുത്തു. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. തയ്ക്കുമ്പളം എന്ന പേരിലാണ് ഈ ഫലം പൊതുവെ അറിയപ്പെടുന്നത്. ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ എന്നിവയാൽ സമ്പന്നമാണ് ഷമാം. 30 സെന്റ് ഭൂമിയിൽ പൂർണ്ണമായും ജൈവരീതിയിൽ ചെയ്ത കൃഷിയിൽ നിന്നും നൂറ് മേനി വിളവാണ് ലഭിച്ചത്.
5. ബഹ്റൈനിലെ കൃഷിഭൂമിയുടെ 47 ശതമാനവും ഈന്തപ്പനകളെന്ന് കാർഷിക മന്ത്രാലയത്തിന്റെ റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികൾ ഫലം കണ്ടതായി മന്ത്രാലയം വിലയിരുത്തി. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക, ഈന്തപ്പന കൃഷി വ്യാപിപ്പിക്കുക എന്നിവയായിരുന്നു പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ. റിപ്പോർട്ടുകൾ അനുസരിച്ച് 5 ലക്ഷത്തിലധികം ഈന്തപ്പനകൾ രാജ്യത്തുണ്ട്.
Share your comments