തുടർച്ചയായി പെയ്ത കനത്ത മഴ തേന്‍ ഉല്‍പാദനത്തെ സാരമായി ബാധിച്ചു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഈ സീസണിലെ ഉല്‍പാദനത്തില്‍ ഉണ്ടായത്. വന്‍മരങ്ങളില്‍ നിന്ന് സാഹസികമായി ശേഖരിക്കുന്ന തേന്‍വിഭവങ്ങള്‍ മഴയില്‍ കുതിര്‍ന്നതോടെ വയനാടന്‍ ആദിവാസികളില്‍ ഒരു വിഭാഗത്തിന്റെ ജീവിതവും വഴിമുട്ടി.
ഏറ്റവും കൂടുതല്‍ തേന്‍ ലഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് തേന്‍ ശേഖരിക്കാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി. വനത്തിനുള്ളിലെ തേന്‍കൂടുകള്‍ അതിമഴയില്‍ നശിച്ചതോടെ ഒരു ഡസനിലധികം വരുന്ന പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റികളിലേക്കുള്ള തേന്‍വരവ് നിലക്കുകയായിരുന്നു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വയനാട്ടിലെ തേന്‍ കാലം.ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ 22000 കിലോ തേനാണ്കഴിഞ്ഞ സീസണിൽ ശേഖരിച്ചത്. ഇത്തവണ ഇത് 12000 കിലോയായി കുറഞ്ഞു.
തേന്‍ശേഖരണം കുറയുന്നതോടെ തേന്‍വിലയും കുത്തനെ ഉയരുകയാണ്. പ്രളയത്തിന് മുമ്പ് വരെ കിലോക്ക് 2000 രൂപക്ക് താഴെ വിലയുണ്ടായിരുന്ന ചെറുതേനിന് ഇപ്പോള്‍ 2500 രൂപയായി. വന്‍തേനിനും പുറ്റ് തേനിനും വില വര്‍ധിച്ചു. വന്‍തേന്‍ കിലോക്ക് 400 രൂപക്കും പുറ്റ് തേന്‍ കിലോക്ക് 450 രൂപക്കുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന തേന്‍കുറുമരാണ് വന്‍കാടുകളില്‍ നിന്നടക്കം തേനുകള്‍ ശേഖരിക്കുന്നത്. കൃഷിയോ മറ്റ് തൊഴിലോ പരിചയമില്ലാത്ത തേന്‍കുറുമര്‍ക്ക് തേന്‍വപണിയിലെ പ്രതിസന്ധി കനത്ത തിരിച്ചടിയാവും. തേനുകളില്‍ ഏറ്റവും ഔഷധ മൂല്യമുള്ളതും വിലകൂടിയതും ചെറുതേനാണ്.
Share your comments