മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ കൃഷിനാശം. ജീവിതം ദുരിതത്തിലായതിനൊപ്പം ലക്ഷങ്ങളുടെ കൃഷിനാശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പെയ്ത മഴ നെല്‍ക്കൃഷിക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കിയത്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ മാത്രം അഞ്ചു ഹെക്ടര്‍ നെല്‍ക്കൃഷി വെള്ളത്തിലായി. നഗരസഭയ്ക്കു പുറമെ അജാനൂര്‍, മടിക്കൈ, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലും നെല്‍പ്പാടങ്ങളില്‍ വെള്ളം കയറി കൃഷിനാശമുണ്ടായി. നരഗസഭാ പരിധിയില്‍ കൃഷിയിറക്കിയ രണ്ടായിരം വാഴക്കന്നുകളും പൂര്‍ണ്ണമായി നശിച്ചു. മിക്ക കര്‍ഷകരും വിള ഇന്‍ഷുറന്‍സ് ചെയ്യാത്തതിനാല്‍ നഷ്ടപരിഹാരം പോലും ലഭിക്കാത്ത വിധം നിസ്സഹായരാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ മൂപ്പെത്തിയ നെല്‍ച്ചെടികളാണ് മഴയില്‍ നിലംപൊത്തി കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വരുംദിവസങ്ങളില്‍ കൊയ്യാനിരുന്ന നെല്‍ച്ചെടികളാണ് വെള്ളത്തിലായത്. ഇതോടെ കടമെടുത്ത് വിളയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. മഴ തുടരുന്നതിനാല്‍ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൊല്ലങ്കോട്, ഒറ്റപ്പന, നടുപ്പാടം, വാരാരിത്തോട്, പടിഞ്ഞാമുറി, മോഴപ്പാറക്കടവ്, കിഴക്കുമുറി, കണ്ണമംഗലം, പന്നിക്കോല്‍, മൂച്ചിക്കല്‍, പറശ്ശേരി, ചേരുംകോട്, ഉണ്ടിയമ്പാടം, കിഴക്കമ്പാടം, കോഴികുത്തി, തളൂര്‍, ഒഴിവുപാറ, നരിക്കുളം, വട്ടേക്കാട് തോട്ടംങ്കര, നെന്മേനി, പയ്യലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മൂപ്പെത്തിയ നെല്ലുകള്‍ വെള്ളത്തിലായത്. അതേസമയം കൊടുവായൂര്‍, വെട്ടുമ്പുള്ളി നെല്ലുല്‍പ്പാദക പാടശേഖരസമിതിയുടെ കീഴിലുള്ള കൊയ്യാറായ 70 ഏക്കര്‍ നെല്‍ക്കൃഷി നശിച്ചു. ഹെക്ടറിന് അമ്പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെ ചെലവഴിച്ചാണ് പാടങ്ങള്‍ വിളവെടുപ്പിന് ഒരുക്കിയത്. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൊല്ലം ജില്ലയില്‍ പള്ളിക്കലാര്‍ കരകവിഞ്ഞ് ശൂരനാട് വടക്ക് പഞ്ചായത്തിന്റെ പ്രധാന മേഖലകള്‍ വെള്ളത്തിലായി. താലൂക്കിന്റെ നെല്ലറയായ പഞ്ചായത്തിലെ ഏലകളെല്ലാം മുങ്ങിയതോടെ നെല്‍ക്കൃഷിയടക്കം ലക്ഷങ്ങളാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. ഒണമ്പിള്ളി, കൂരിക്കുഴി, കിഴകിട, കൊച്ചുപുഞ്ച, വിരിപ്പോലില്‍, ആനയടി ഏലകളിലാണ് ഏറെ നഷ്ടം സംഭവിച്ചത്. ഓണമ്പിള്ളിയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്ത് വിതച്ച നെല്‍വിത്തുകളും നഷ്ടമായി. കരക്കൃഷികളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. നൂറുകണക്കിന് പരാതികളാണ് ഏലാസമിതികളിലേക്കും കൃഷിഓഫീസുകളിലേക്കും ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കളത്തറയ്ക്കല്‍ പാടത്തെ കൊയ്യാറായ നെല്‍ച്ചെടികള്‍ വെള്ളക്കെട്ടിലായി. മഴ തുടര്‍ന്നാല്‍ ഇവിടത്തെ 13 ഹെക്ടറിലെ മുഴുവന്‍ നെല്‍ക്കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ പാടമാണ് കളത്തറയ്ക്കല്‍. വെള്ളക്കെട്ടിലായ കതിരുകളുടെ നഷ്ടം കൊയ്ത്ത് പൂര്‍ത്തിയാക്കിയാലേ കണ്ടെത്താന്‍ കഴിയൂ. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം വറ്റിച്ച് എത്രയും പെട്ടെന്ന് കൊയ്ത്ത് നടത്തിയില്ലെങ്കില്‍ നഷ്ടം കനത്തതാകുമെന്ന് കര്‍ഷകര്‍ പറയുന്നു. വെഞ്ഞാറമൂട് വൈദ്യന്‍കാവില്‍ കര്‍ഷകകൂട്ടായ്മയുടെ മൂന്നേക്കര്‍ നെല്‍ക്കൃഷിയും വെള്ളത്തിലായി. വാമനപുരം പഞ്ചായത്തില്‍ ശനിയാഴ്ച കൊയ്ത്തുത്സവത്തിന് നിര്‍ത്തിയ ഏക്കര്‍ കണക്കിന് പാടങ്ങളാണ് വെള്ളക്കെട്ടിലായത്.
അതേസമയം മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ കോഴിക്കോട് ജില്ലയില്‍ വാഴക്കൃഷിക്കാണ് ഏറ്റവുമധികം നാശം സംഭവിച്ചിരിക്കുന്നത്. പെരുവഴിക്കടവ്, വെള്ളന്നൂര്‍, ചെറുകുളത്തൂര്‍ എന്നിവിടങ്ങളിലെ നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചു. ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് വാഴകള്‍ അഴുകിപ്പോകുന്നതായും കര്‍ഷകര്‍ പരാതിപ്പെട്ടു. പതിനായിരത്തിലധികം വാഴകളാണ് വെള്ളക്കെട്ടുമൂലം നശിക്കുന്നത്. ഇലകള്‍ മഞ്ഞനിറത്തിലാവുകയും പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നതിനാല്‍ ചെറിയ തൈകളെല്ലാം പറിച്ചെടുത്ത് വൈള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പല കര്‍ഷകരും വായ്പയെടുത്താണ് കൃഷി തുടങ്ങിയതെന്നും വെളിപ്പെടുത്തി.
മഴ ഏറ്റവുമധികം ബാധിച്ചത് നെല്‍ക്കൃഷിയെ; നശിച്ചത് കൊയ്യാറായ നെല്‍ച്ചെടികള്‍
മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ കൃഷിനാശം. ജീവിതം ദുരിതത്തിലായതിനൊപ്പം ലക്ഷങ്ങളുടെ കൃഷിനാശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പെയ്ത മഴ നെല്‍ക്കൃഷിക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കിയത്.
Share your comments