News

പ്രളയം ബാധിച്ച കർഷകരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കൃഷി വകുപ്പിന്റെ തീവ്ര ശ്രമം

പ്രളയം തകർത്ത കാർഷിക മേഖലയെ ഉയർത്തെഴുന്നേൽപ്പിച്ച്  വയനാടിന് പുത്തൻ ഉണർവേകാൻ തീവ്രശ്രമത്തിലാണ് കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും. കൃഷി നശിച്ച് ഒപ്പം പ്രതീക്ഷകളും നഷ്ടമായ കർഷകരെ കൈപിടിച്ചുയർത്തുകയാണിവർ. പ്രളയം ബാധിച്ച കർഷകരുടെ സ്വപ്നങ്ങൾക്ക് നിറം നൽകി ധാരാളം ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്നു.

മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലും, ഇടുക്കിയിലുമാണ്  ആദ്യം പേമാരി പെയ്യ്തിറങ്ങിയത്. അതേസമയം തന്നെ നാശനഷ്ടങ്ങൾക്കും തുടക്കമായിരുന്നു. പ്രളയം മാത്രമല്ല ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, കാറ്റ് തുടങ്ങിയവയെല്ലാം കർഷകർക്ക് തിരിച്ചടിയായി കൂടാതെ കലിതുള്ളിയ പ്രകൃതിയിലെ പുതിയ പ്രതിഭാസങ്ങളും കർഷകരെ ആശങ്കയിലാഴ്ത്തി. വയനാട്ടിൽ മാത്രം ആയിരത്തോളം ഹെക്ടർ കൃഷിഭൂമിയാണ് പ്രളയം കവർന്നത്. 

പ്രളയബാധിത മേഖലകളുടെ പ്രാഥമിക കണക്കുകൾ പൂർത്തിയായ ശേഷം ജില്ലാ പ്രിൻസിപ്പൾ ഓഫീസർ ഷാജി അലക്സാണ്ടർ കണക്കുകൾ ഏകീകരിച്ചുതുടങ്ങി. 1008.648 കോടി രൂപയുടെ പ്രാഥമിക കണക്കാണ് വയനാട്ടിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൃഷിഭൂമിയുടെ പൂർണ്ണ നാശവും ഭാഗികനാശവും യന്ത്രാപകരണങ്ങളുടെയും പ്ലാൻറ്റുകളുടെയും ഓഫീസുകളുടെയും നാശനഷ്ടങ്ങളെല്ലാം ഉൾപ്പെടുത്തിട്ടുണ്ട്. അവസാന പട്ടികയിൽ തേനീച്ച കൃഷിയുടെ നാശവും രേഖപ്പെടുത്തി. എൺപത് ശതമാനം കർഷകരെയാണ് പ്രളയം ബാധിച്ചത്. ബത്തേരി താലൂക്ക് ഒഴികെ മറ്റു പഞ്ചായത്തുകളായ കോട്ടത്തറ, പൊഴുതന, പനമരം, തവിഞ്ഞാൽ എന്നീ മേഖലകളെയാണ് പ്രളയം പാടെ ബാധിച്ചത്.

കാർഷിക മേഖലയിൽ പൂർണ്ണമായും ഭാഗികമായും വൻനാശനഷ്ടങ്ങളുണ്ടായി.ഇതിൽ ആയിരത്തി രണ്ട് കോടി നേരിട്ട് കർഷകരെ ബാധിച്ചതിന്റെ കണക്കാണ്. അതായത് വെള്ളപ്പൊക്കത്തിലും, മഴയിലും, കാറ്റിലും മാത്രമുണ്ടായത്. 5.53 കോടി രൂപയുടെ നഷ്ടം മണ്ണിടിച്ചിലിൽ മാത്രം ജില്ലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോളിഹൗസ്, റെയിൻ ഷെൽറ്റർ, പമ്പ് ഹൗസ്, യന്ത്രാപകരണങ്ങളായ പവർ ട്രില്ലർ, ടാക്ടർ എന്നിവയുടെ നഷ്ടമാണുണ്ടായത്. ഡിപ്പാർട്ട്മെന്റ് ഓഫീസിലെ ഉപകരണങ്ങളും, രേഖകളും നഷ്ടമായ കണക്കിൽ18 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതുപോലെ അഗ്രോ സർവ്വീസ് സെൻറർ, ഇക്കോഷോപ്പ്‌ എന്നിവയുടെ നഷ്ടം 10.2 ലക്ഷം വേരെയും കണക്കാക്കിട്ടുണ്ട്. തേനീച്ച കർഷകർക്ക് 3 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇവയെല്ലാം കൂട്ടി വിലയിരുത്തിയാണ് 1008.648 കോടി രൂപയുടെ പ്രാഥമിക കണക്ക് പൂർത്തിയാക്കിയതെന്ന് ജില്ലാ പ്രിൻസിപ്പൽ ഓഫീസർ ഷാജി അലക്സാണ്ടർ പറഞ്ഞു.

ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് നെല്ല്, വാഴ, കാപ്പി എന്നീ വിളകൾക്കാണ്. 1000 ത്തോളം ഹെക്ടർ നെൽ വയൽ നശിച്ചു. ഞാറ്റടിയും, നെൽവിത്തുകളും  നശിച്ചത് കർഷകർക്ക് പ്രതിസന്ധി ആയി. ഇവർക്ക് പ്രതീക്ഷ നൽകി 84 ടൺ വിത്ത് സീഡ് അതോറിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്ക് നൽകി. ഇവർ കൃഷിയും ആരംഭിച്ചു. വാഴ കർഷകരുടെ ക്രമീകരണം പൂർത്തിയായി സെപ്റ്റംബർ മാസാവസാനത്തിൽ വാഴ കന്നുകൾ വിതരണം തുടങ്ങും ഇതിനായി 9 ലക്ഷം വാഴ കന്നുകളും എത്തിച്ചിട്ടുണ്ട്. കാപ്പി കർഷകർക്കായി വേവിന്‍ പ്രൊഡ്യൂസർ കമ്പനിയും, കോഫി ബോർഡും സംയുക്തമായി പ്രത്യേക  കൺവെൻഷനും സംഘടിപ്പിച്ചിരുന്നു. പച്ചക്കറി നഷ്ടമായ കർഷകരെ കണക്കിലെടുത്ത് ശീതകാലപച്ചക്കറി വിത്തുങ്ങളും വിതരണം ചെയ്യും. ഇത് ഒക്ടോബർ അവസാനം കർഷകരിലേക്ക് എത്തിക്കും.5 ലക്ഷം ക്യാബേജ്, 5 ലക്ഷം കോളി ഫ്ലവർ, 5 ലക്ഷം ബ്രോക്കോളി എന്നിവയും സൗജന്യമായി നൽകും. പഴവർഗ്ഗ ചെടികൾ കൃഷി ചെയ്യുകയും, വിപണിയിലെത്തിക്കുകയും ചെയ്യുന്ന കർഷകർക്കായി 10 ഇനം പഴവർഗ്ഗതൈകൾ അടങ്ങുന്ന 100 കിറ്റുകൾ ഇരുപത്തിയാറ് കൃഷിഭവൻ വഴി വിതരണം ചെയ്യും. ഇതിന് പത്ത് ശതമാനം മാത്രം വിലയിടാക്കും. ഹൈബ്രീഡ് ഇനത്തിൽപ്പെട്ട കൊക്കോ, കശുമാവ്, മാവ് തുടങ്ങിയവയുടെ തൈകൾ നടാൻ സാധിക്കുന്ന കാലയളവ് വരെ വിതരണം ചെയ്യും.

ഗവൺമെന്റ് ഫാമുകളിൽ നിന്നും ഇ.എം.പി.സി ഏജൻസികളിൽ നിന്നുമാണ് തൈകൾ വിതരണം നടത്തുക. 5000 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന കുരുമുളക് കർഷകർക്ക് 5056 കോടി രൂപയുടെ നഷ്ടം കണക്കാക്കിട്ടുണ്ട്.ഇതിൽ പ്രളയകാലത്ത് കുരുമുളകിനെ ഭാഗികമായാണ് ബാധിച്ചതെങ്കിലും അതിന്റെ പ്രത്യാഘാതം കർഷകരെ ഇപ്പോഴാണ് പൂർണ്ണമായും ബാധിച്ചു തുടങ്ങുന്നത്. ഈ വിഭാഗത്തിൽപ്പെട്ട കർഷകർക്ക്  വേണ്ടി രണ്ട് മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. പുനരുദ്ധീകരണവും, തൈ വിതരണവുമാണ് ലക്ഷ്യം വെക്കുന്നത്. 5000 ഹെക്ടർ സ്ഥലത്ത് വരുന്ന കുരുമുളകിന് തളിക്കുന്നതിനു വേണ്ടി കോപ്പർ സൾഫ്യൂരിക്, ലൈം, കോപ്പർ ഓക്സിക് ക്ലോറൈഡ്, ട്രൈക്കോഡർമ, സ്യൂഡോമോണസ് തുടങ്ങിയ കെമിക്കലുകളും വിതരണം ചെയ്യും.

വയനാടിന്റെ കാർഷിക മേഖലയിൽ നവോത്ഥാന പ്രക്രിയക്ക് തുടക്കം കുറിച്ച് ഊർജിതമായി പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ കർഷകർക്ക് പുതു ഉണർവാണിത് നൽകുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷമുള്ള പ്രളയം കേരളത്തെ ഒട്ടാകെ വിഴുങ്ങിയപ്പോൾ പ്രതീക്ഷകളും ജീവിതവും നഷ്ടമായവർക്ക് ഒരു കൈതാങ്ങാവുകയാണ് കാർഷിക മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും. 

English Summary: helping hands to flood affected farmers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine