കാലിത്തീറ്റയുടെ വില വർദ്ധനവ് ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നു..കാലിത്തീറ്റയ്ക്ക് മൂന്നു തവണയാണ് രണ്ടുമാസത്തിനിടെ സ്വകാര്യ കമ്പനികൾ വില വർധിപ്പിച്ചത്.കഴിഞ്ഞ വർഷം അവസാനം 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1055 രൂപയായിരുന്നു വില. ഇപ്പോൾ അത് 1175 രൂപയായി. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സ് ആണ് ആദ്യം വില വർധിപ്പിച്ചത്..പ്രളയത്തോടെ സാമ്പത്തികമായി തകർന്ന കർഷകർക്ക് ആശ്വാസം പകർന്നത് ക്ഷീര മേഖല മാത്രമായിരുന്നു. പാലിന് ലീറ്ററിന് ഒരു രൂപ വേനൽക്കാല ഇൻസെന്റീവായി മിൽമ എറണാകുളം മേഖല നൽകിയതോടെ കാലിത്തീറ്റ കമ്പനികൾ വില വർധിപ്പിച്ചു. മൂന്നു തവണയായി കാലിത്തീറ്റയ്ക്ക് കിലോഗ്രാമിന് രണ്ടു രൂപയോളമാണു വില വർധനയുണ്ടായത്. അതിൻ്റെ ഫലമായി കർഷകരുടെ വരുമാനം കുറഞ്ഞു.
ഒരു ലീറ്റർ പാലിന് കർഷകന് ലഭിക്കുന്ന പരമാവധി വില 34 രൂപയാണ്.പാലിലെ കൊഴുപ്പിൻ്റെ അളവ് അനുസരിച്ച് വില പിന്നെയും കുറയാം. വേനൽ കടുത്തതോടെ പച്ചപ്പുല്ല് ഇല്ലാതായി. കർഷകർ കാലികളെ പോറ്റുന്നത് വില കൊടുത്ത് വൈക്കോലും ചോളവും വാങ്ങിയാണ്. തമിഴ്നാട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് വൈക്കോലും ചോളവും സുലഭമായി എത്തുന്നുണ്ടെങ്കിലും ഇതിന്റെയും വില വർധിച്ചു.25 കിലോയുടെ ഒരു കെട്ട് വൈക്കോലിന് 175 രൂപ നൽകണം.പാലിൻ്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുകയാണ് ക്ഷീരമേഖലയെ സംരക്ഷിക്കാനുള്ള പോംവഴിയെന്ന് കർഷകർ പറയുന്നു.
Share your comments