വിളപരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേനീച്ചക്കൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഇന്‍ഡിജിനസ് എപ്പികള്‍ച്ചറിസ്റ്റ് സംഘടിപ്പിച്ച തേനീച്ചക്കര്‍ഷകരുടെ സംഗമവും തേന്‍മേളയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന തേന്‍ 'കേരള ബ്രാന്‍ഡ്' എന്നപേരില്‍ വിപണിയില്‍ എത്തിക്കണം. തേനിന്റെ ഗുണനിലവാരം നിശ്ചയിച്ച് പൊതു ബ്രാന്‍ഡില്‍ ഇറക്കുന്നതിനു കര്‍ഷകസംഘടന തയ്യാറായാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വി.ജെ.ടി. ഹാളില്‍ 16 സ്റ്റാളുകളിലായി വിവിധതരം തേനുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ തേനീച്ചയെ സൂര്യകാന്തി തോട്ടത്തില്‍ കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന സൂര്യകാന്തിത്തേനും കാന്താരിത്തേന്‍, നെല്ലിക്കാത്തേന്‍, കശുവണ്ടിത്തേന്‍ എന്നിവയാണ് മേളയിലെ പ്രധാന ആകര്‍ഷണം.
കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചറിസ്റ്റ് പ്രസിഡന്റ് എം.ആര്‍.സജയകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.സ്റ്റീഫന്‍ ദേവനേശന്‍, ഹോര്‍ട്ടികോര്‍പ് എം.ഡി. ഡോ.ബാബു തോമസ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ.മായ, തുടങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച മേള അവസാനിക്കും.
Share your comments