1. കേന്ദ്രസർക്കാരിന്റെ പ്രതിമാസ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ നിന്നും നികുതിദായകരെ പുറത്താക്കുന്നു. ഈ മാസം ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ധനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഇനിമുതൽ നികുതിദായകർക്ക് അംഗമാകാൻ സാധിക്കില്ല. 2015 ജൂൺ ഒന്നിനാണ് അടൽ പെൻഷൻ യോജന നിലവിൽ വന്നത്. അസംഘടിത തൊഴിലാളികൾക്ക് വാർധക്യ കാലത്ത് താങ്ങാകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 18 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. 60 വയസ് കഴിയുമ്പോൾ പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ശാഖകൾ വഴിയാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. നിലവിലെ നികുതിദായകരായ അംഗങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് നിക്ഷേപിച്ച പണം പിൻവലിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ വില ഇടിയുന്നു: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ..കൂടുതൽ കൃഷിവാർത്തകൾ
2. ഹോർട്ടികോർപ്പിൽ നാടൻ പച്ചക്കറികൾക്ക് പൊള്ളുന്ന വില. വിപണിയേക്കാൾ കൂടിയ വില ഹോർട്ടികോർപ്പ് ഈടാക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. കറിവേപ്പിലയ്ക്ക് വിപണിയിൽ 45 രൂപയാണെങ്കിൽ ഹോർട്ടികോർപ്പിൽ 70 രൂപയാണ് വില. വെള്ളരിക്ക് 40 ആണെങ്കിൽ ഹോർട്ടികോർപ്പിൽ അമ്പത് രൂപയാണ് വില. എന്നാൽ ചില ഇനങ്ങൾക്ക് ഹോർട്ടികോർപ്പിൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഇതര സംസ്ഥാനങ്ങളിൽ കൃഷിനാശം ഉണ്ടായതാണ് പച്ചക്കറി ലഭ്യത കുറയാനും വിലക്കയറ്റത്തിനും കാരണം. ഇറക്കുമതി ചെയ്യുന്നതിനേക്കാൾ നാടൻ പച്ചക്കറികൾക്കാണ് നാട്ടിൽ വില കൂടുതൽ. എന്നാൽ നാടൻ ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.
3. സർക്കാർ തലത്തിൽ നാളികേര സംഭരണത്തിന് സംവിധാനമില്ലാത്തത് വയനാട്ടിലെ കർഷകരെ വലയ്ക്കുന്നു. നാളികേര ഉൽപാദനച്ചെലവിന് ആനുപാതികമായ വില പൊതുവിപണിയിൽ ലഭിക്കാത്തത് കൃഷി നഷ്ടത്തിലാക്കുമെന്നാണ് കർഷകരുടെ പരാതി. വിപണിയിൽ നാളികേരത്തിന് 20 രൂപ വരെയാണ് വില. തെങ്ങുകൃഷി പ്രോത്സാഹനത്തിലും, നാളികേരത്തിന്റെ വില ഉറപ്പാക്കുന്നതിലും സർക്കാർ അശ്രദ്ധ കാണിക്കുകയാണെന്ന് കർഷകർ പറയുന്നു. തെങ്ങുകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കർഷകർ വയനാട്ടിലുണ്ട്.
4. വയനാട് ഇരുമ്പുപാലം ഊരിൽ കൂൺ കൃഷി സംരംഭത്തിന് തുടക്കം. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. പ്രിയ മഷ്റൂം യൂണിറ്റാണ് കൂൺ കൃഷിയ്ക്ക് നേതൃത്വം നൽകുന്നത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ സംരംഭത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.
5. കേരളത്തിൽ തുടക്കമിട്ട വനൗഷധ സസ്യകൃഷി ഒമ്പത് ജില്ലകളിൽ വ്യാപിപ്പിക്കാൻ തീരുമാനം. വനാശ്രിത സമൂഹങ്ങളുടെ വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 152.86 ഹെക്ടർ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കും. വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യകൃഷിക്ക് തുടക്കം കുറിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
6. പ്രകൃതിദത്ത ഉൽപന്നങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കി മലബാർ ക്രാഫ്റ്റ്സ് മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാകാരന്മാർ കരകൗശല വിദഗ്ധർ എന്നിവരുടെ വിവിധ ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഉൽപന്നങ്ങളിൽ ഏറെയും പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ട് നിർമിച്ചവയാണ്. മുളയിൽ നിർമിച്ച ഇരിപ്പിടങ്ങൾ, ലാംപ് ഷെയ്ഡ്, കുട്ട, ബാഗ്, അലങ്കാര വസ്തുക്കൾ എന്നിവയും സ്റ്റാളുകളിലുണ്ട്. രാവിലെ 10.30 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കുന്ന മേളയിൽ സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. മേള ഈ മാസം 16ന് സമാപിക്കും.
7. ശാന്തിഗിരി ആശ്രമത്തിലെ പൊക്കാളികൃഷി വിളവെടുപ്പിൽ പങ്കെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടിയിൽ ദെലീമ ജോജോ എംഎൽഎയും പങ്കെടുത്തു. 26 വർഷമായി ആശ്രമത്തിന് മുന്നിലെ 17 ഏക്കറിൽ മുടങ്ങാതെ നടക്കുന്ന കൃഷിയുടെ വിളവെടുപ്പിൽ ആദ്യമായാണ് ജനപ്രതിനിധികൾ പങ്കെടുക്കുന്നത്. കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നും ഭക്ഷണമാണ് എല്ലാ പ്രവർത്തികൾക്കും പിന്നിലെന്നും മന്ത്രി പറഞ്ഞു. വരുംദിവസങ്ങളിൽ കർഷകരും ഗുരുഭക്തരും ചേർന്ന് കൊയ്ത്ത് പൂർത്തിയാക്കും.
8. ഭൂപ്രശ്‌ന ബാധിതർക്ക് കരമടയ്ക്കാൻ അനുമതി നൽകിയതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. എറണാകുളം ജില്ലയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ ഭൂപ്രശ്‌ന ബാധിതരായ കുടുംബങ്ങൾക്ക് ബാധകമായിരുന്ന റവന്യു വ്യവസ്ഥയാണ് സർക്കാർ പിൻവലിച്ചത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിർത്തിവച്ച നികുതിയടവ് പുനരാരംഭിക്കാൻ തഹസിൽദാർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏകദേശം 610 കുടുംബങ്ങളുടെ കരം അടവ്, രജിസ്ട്രേഷൻ തുടങ്ങിയ റവന്യു നടപടികളാണ് നിർത്തിവെച്ചിരുന്നത്.
9. ഹൈടെക് പച്ചക്കറി തൈ ഉല്‍പാദനവും പച്ചക്കറിവിളകളിലെ ഗ്രാഫ്റ്റിംഗും എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പ്രവൃത്തി പരിചയ പരിശീലനം സംഘടിപ്പിക്കുന്നു. വെളളാനിക്കര ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കൃത്യതാ കൃഷി കേന്ദ്രത്തില്‍ വച്ച് ഈ മാസം 17നാണ് പരിശീലനം നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. കൂടുതൽ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും 0487 2371104 എന്ന നമ്പരില്‍ ബന്ധപ്പെടാം.
10. നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിക്കുന്ന 'യങ് ഫാർമർ' സീസൺ 2 ഈ മാസം 15ന് ആരംഭിക്കും. ഖത്തർ സ്കൂൾ വിദ്യാർഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഇത്തവണ 60 വിദ്യാർഥികളെ ഉൾപ്പെടുത്താനാണ് തീരുമാനം. വിദ്യാർഥികൾക്ക് പച്ചക്കറി കൃഷിയെക്കുറിച്ച് മാർഗനിർദേശം നൽകുന്നതിനും പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
11. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. മലയോരമേഖലകളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Share your comments