1. ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്‌ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറി എത്തിച്ചു നൽകി കേരള സർക്കാർ കൃഷി വകുപ്പ് സ്ഥാപനമായ ഹോർട്ടികോർപ്പ്. 52 പള്ളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞെത്തി ആറന്മുള ക്ഷേത്രമുറ്റത്തു നിലത്ത് ഇരുന്നു വഞ്ചിപ്പാട്ടുപാടി 64 വിഭവങ്ങൾ വിളമ്പിയ ഇലയിൽ നിന്നും ആഷോഷപൂർവ്വം ഉണ്ണുന്ന കേരളത്തിലെ ഏക സദ്യ ആണ് അഷ്ടമിരോഹിണി വളളസദ്യ, പളളിയോടങ്ങളിൽ എത്തുന്ന കരക്കാരെ കൂടാതെ ഭക്തജനങ്ങൾക്കും ക്ഷേത്ര മുറ്റത്ത് 64 വിഭവങ്ങൾ അടങ്ങിയ സദ്യ അന്നേ ദിവസം വിളമ്പുന്നുണ്ട്. ഏകദേശം ഒരു ലക്ഷം പേർക്കാണ് പള്ളിയോട സേവാസംഘം സദ്യ ഒരുക്കിയത്. 500 പറ അരിയുടെ സദ്യക്കു വേണ്ടി വരുന്ന വിവിധ ഇനം പച്ചക്കറികൾ ആണ് ഹോർട്ടികോർപ്പ് വിപണി വിലയെക്കാൾ കുറച്ച് എത്തിച്ചു നൽകിയത്. ആറന്മുള സദ്യയുടെ പ്രാധാന്യം കണക്കിലെടുത്തു മുന്തിയ ഇനം മത്തങ്ങ ഉൾപ്പെടെ ഉളള പച്ചക്കറികളാണ് ഹോർട്ടികോർപ്പ് കർണ്ണാടകയിൽ നിന്നും വരെ എത്തിച്ചു നൽകിയത്. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, എം.ഡി ജെ.സജീവ്, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ. വി.സാംബശിവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ, കെ. എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
2. കൊതുകുനിർമാർജനത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രി അംഗണത്തിൽ ഗപ്പി മത്സ്യ ഹാച്ചറി തുടങ്ങി. ഹരിത ആശുപത്രി എന്ന സങ്കല്പത്തിന്റെ ഭാഗമായി കൃഷിവകുപ്പുമായി ചേർന്ന് പച്ചക്കറിത്തോട്ടവും ആരംഭിച്ചു. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം എന്ന സന്ദേശം നൽകിയാണ് പച്ചക്കറിത്തോട്ടമാരംഭിച്ചത്. ഔഷധച്ചെടികളുടെ തോട്ടവും ഫലവൃക്ഷങ്ങളുടെ തോട്ടവും ആശുപത്രിയിൽ നേരത്തേതന്നെ തുടങ്ങിയിരുന്നു. പദ്ധതികളുടെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത, ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ സമീറ, കൃഷി ഓഫീസർ സീതാരാമൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
3. സംസ്ഥാനത്ത് അതിശക്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Share your comments