ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ നാടന്‍ മുട്ടകള്‍ സംഭരിച്ചു വിതരണം നടത്തുന്നതിന് ഹോര്‍ട്ടി കോര്‍പ്പിന് കൃഷിമന്ത്രി വി.എസ് .സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി .കഞ്ഞിക്കുഴിയില്‍ പ്രത്യേക പദ്ധതി പ്രകാരം തുടങ്ങിയ കോഴി വളര്‍ത്തലിലൂടെ ഉത്പാദിപ്പിക്കപ്പെട്ട നാടന്‍ മുട്ടകള്‍ വിപണനം ചെയ്യാനാവാതെ നശിച്ചുപോകുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വെള്ളിയാഴ്ച 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന ലൈവ് ഫോണ്‍ ഇന്‍ പരിപാടിയില്‍ കര്‍ഷകര്‍ പരാതി ഉന്നയിച്ച വിഷയം ശ്രദ്ധയില്‍പെട്ടതോടെയാണ് മന്ത്രിയുടെ ഈ നടപടി.
2016 ലാണ് കഞ്ഞിക്കുഴിയില്‍ മുട്ടഗ്രാമം പദ്ധതി നടപ്പിലാക്കിയത്. പച്ചക്കറി ഉല്‍പ്പാദനത്തില്‍ നേടിയ വിജയമാണ് കുടുംബശ്രീ യൂണിറ്റുകളെ അണിനിരത്തി മുട്ട ഉല്‍പ്പാദനം തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. പഞ്ചായത്തും, പി.ഡി.എസും സര്‍വിസ് സഹകരണ സംഘവും കൈകോര്‍ത്താണ് മുട്ട ഗ്രാമം പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളെയും പരിപാടിയുടെ ഭാഗമാക്കി. അഞ്ചു വീടുകള്‍ ഉള്ള ഒരോ യൂണിറ്റുകള്‍ രൂപീകരിച്ചു. ഒരോ യൂണിറ്റിനും 50 കോഴികളെ വീതം നല്‍കി. പരിപാടിയില്‍ ഇപ്പോള്‍ പങ്കാളികളായ 30 ഗ്രൂപ്പുകളും ചേര്‍ന്ന് ശരാശരി 7000 നാടന്‍ കോഴിമുട്ടകളാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്.
യൂണിറ്റുകള്‍ക്ക് ആവശ്യമായ കോഴികളെയും അവയെ വളര്‍ത്താനുള്ള കൂടും, തീറ്റയും പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്നു. ഇതിനുപുറമെ 1,45,000 രൂപയും കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്ക് മിതമായ പലിശ നിരക്കില്‍ വായ്പയും നല്‍കി.
Share your comments