ഏലത്തോട്ടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗം തേയിലത്തോട്ടങ്ങളിലാണ്. പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ജില്ലയിലെ തേയില എസ്റ്റേറ്റുകള്‍ പൂര്‍ണ്ണമായും ജൈവ സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു. ഓര്‍ഗാനിക് തേയിലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയും വിലയുമാണ് ജൈവരീതിയിലേക്ക് മാറാന്‍ മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്നത്.
ജൈവകൃഷിയിലേക്ക് മാറ്റാന്‍ മൂന്നു വര്‍ഷക്കാലം നിശ്ചയിച്ചിട്ടുണ്ട്. ഉല്പാദനത്തില്‍ ഏകദേശം 40 ശതമാനത്തോളം ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍, ജര്‍മന്‍ തുടങ്ങിയ അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ബ്രാന്‍ഡഡ് ഓര്‍ഗാനിക് ടീയുടെ വിലയില്‍ ഉണ്ടാകുന്ന 100 ശതമാനം വര്‍ദ്ധനവിന് കഴിയുമെന്നാണ് മാനേജ്‌മെന്‌റുകള്‍ വിലയിരുത്തുന്നത്.
വണ്ടിപ്പെരിയാറില്‍ 48 ഹെക്ടര്‍ തേയില എസ്റ്റേറ്റുകള്‍ ഇതിനകം ഓര്‍ഗാനിക് രീതിയിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ 500 ഹെക്ടര്‍ ജൈവപാതയിലാണെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് വൈസ് പ്രസിഡന്റ് അനില്‍ ജോര്‍ജ് ജോസഫ് 'ദി ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റുകളില്‍ ആയിരത്തോളം തൊഴിലാളികള്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. മറ്റുള്ളവര്‍ കൂടി പിന്തുണ നല്‍കിയിട്ടുണ്ടെങ്കില്‍, ജൈവകൃഷിയ്ക്കായിട്ടുള്ള വളം ഇവിടുന്നുതന്നെ കണ്ടെത്താന്‍ കഴിയും. എസ്‌റ്റേറ്റുകളിലെ പ്രധാന പ്രശ്‌നം മന്ദഗതിയിലുള്ള വളര്‍ച്ചയും, ഉയര്‍ന്ന തലത്തിലുള്ള കീടബാധയുമാണ്. ജൈവ വളത്തിന്റെയും ജൈവ കീടനാശിനികളുടെയും ഉപയോഗത്തിന് ഇവയെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. 500 ഹെക്ടര്‍ തോട്ടം ഇതിനകം ഓര്‍ഗാനിക്കായി മാറ്റിയതിന്റെ തൊട്ടടുത്താണ് മറ്റ് തോട്ടങ്ങള്‍ ഉള്ളത്. അതിനാല്‍ പ്രദേശത്തുള്ള കീടങ്ങളില്‍ സ്വാഭാവിക നിയന്ത്രണം ഉണ്ടാകും.
ഒരിക്കല്‍ ഓര്‍ഗാനിക് ബ്രാന്‍ഡ് ആയിക്കഴിഞ്ഞ് പിന്നീട് അന്താരാഷ്ട്ര ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള നിലവാരത്തില്‍ മാറ്റം വരുത്തിയാല്‍ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. അന്തര്‍ദേശീയ ഏജന്‍സികള്‍ ഇതിനകംതന്നെ MRl (കീടനാശിനികളുടെ ഏറ്റവും കുറഞ്ഞ അളവ്) നിശ്ചയിച്ചിട്ടുണ്ട്. ആഗോളവിപണിയിലെ കീടനാശിനി-സ്വതന്ത്ര ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡിന് അനുസൃതമായിട്ടാണ് ഇവയില്‍ മാറ്റം വരുത്തുക.
ജില്ലയിലെ പ്രമുഖ തേയില ഉല്പാദകരായ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സും, പോബ്‌സ് ഗ്രൂപ്പും ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഓര്‍ഗാനിക് ടീ നിര്‍മ്മിക്കുന്നതിനായി പ്രത്യേക ഓര്‍ഗാനിക് ടീ ഫാക്ടറിയും ഇവര്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ നിരവധി ചെറുകിട കര്‍ഷകരും ജൈവകൃഷി പിന്‍തുടരുന്നുണ്ട്.
ഓര്‍ഗാനിക് ടീയ്ക്ക് പ്രാദേശിക വിപണിയിലും ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. കൃഷിയിടങ്ങളെ പൂര്‍ണ്ണമായും ജൈവരീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള കര്‍ഷകന്റെ മനസ്സും അര്‍പ്പണബോധവുമാണ് ജൈവകൃഷിയുടെ വിജയം.
Share your comments