1. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കനക്കുന്നതെന്നും പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ മേഖലയിൽ രണ്ടു ദിവസം ശക്തമായ കാറ്റും തുടരുമെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ന് കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
2. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ സേവനങ്ങളുമായി കൃഷിവകുപ്പ്. സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു. വിവിധ ജില്ലകളിൽ അലർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തലഘൂകരണത്തിനുമായി കർഷകർക്ക് ചുവടെ തന്നിരിക്കുന്ന നമ്പരുകളിൽ അതാത് ജില്ലകളിൽ നിന്നും ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കുന്ന കൂണ്‍ കൃഷി സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും വീടിനുള്ളില്‍ ലഭ്യമായ സ്ഥലത്ത് ചെയ്യാം. കാര്‍ഷിക ബ്ലോക്ക് അടിസ്ഥാനത്തില്‍ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിക്ക് കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ എന്നിവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.
4. ന്യൂഡൽഹിയിലെ കൃഷി ജാഗരൺ ഓഫീസ് സന്ദർശിച്ച് ഇഫ്‌കോ, മാർക്കറ്റിംഗ് ഡയറക്ടർ യോഗേന്ദ്ര കുമാർ. കൃഷി ജാഗരണിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ. എം സി ഡൊമിനിക്, കൃഷി ജാഗരൺ മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്ന ചടങ്ങിൽ നാനോ വളങ്ങളുടെ ഉപയോഗത്തെക്കുറിച്ചും, മണ്ണിൻ്റെ ആരോഗ്യവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിൽ നാനോ വളങ്ങൾ ഉപയോഗിക്കുന്നതിലുള്ള കൃത്യതയും അളവും നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
Share your comments