കേരളത്തിലെ കശുവണ്ടിമേഖലയ്ക്ക് തിരിച്ചടിയായി വിദേശത്തുനിന്നുള്ള കശുവണ്ടിപ്പരിപ്പിന്റെ അനധികൃത ഇറക്കുമതി.വിയറ്റ‌്നാം, ഐവറികോസ്റ്റ്, മൊസാംബിക്, ബെനിൻ, ബെൽജിയം എന്നീ രാജ്യങ്ങൾ കശുവണ്ടിപ്പരിപ്പ‌് വിൽപ്പനയ്ക്ക് പ്രധാന കമ്പോളമായി തെരഞ്ഞെടുത്തിരിക്കുന്നത‌് കേരളത്തെയാണ‌്. കാലിത്തീറ്റയെന്ന പേരിലാണ് ഗുണനിലവാരം കുറഞ്ഞ പരിപ്പ് ഇറക്കുമതി ചെയ്യുന്നത്. നികുതി വെട്ടിക്കാന്‍ കാലിത്തീറ്റ പായ്ക്കറ്റുകളിലും മറ്റുമാണ് ഇവ എത്തിക്കുന്നത്.
വിയറ്റ‌്നാം, ഐവറികോസ്റ്റ്, മൊസാംബിക്, ബെനിൻ, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഉൽപാദന ചെലവ് കുറഞ്ഞതും വ്യവസായത്തിന‌് വൻ ഇളവും യന്ത്രവൽക്കരണം നിലനിൽക്കുന്നതുമാണ‌് പരിപ്പ് വിലകുറച്ച‌് വിൽക്കാൻ ഈ രാജ്യങ്ങൾക്ക‌് സാധിക്കുന്നത‌്. കേരളത്തിലെ കശുവണ്ടി വ്യവസായികൾ വിയറ്റ‌്നാമിൽ വ്യവസായം ആരംഭിച്ച‌് പരിപ്പ‌് ഇന്ത്യയിലേക്ക‌് കയറ്റി അയച്ച‌് കേരളത്തിലെ പരിപ്പുമായി കലർത്തി ഇന്ത്യൻ പരിപ്പായിട്ടാണ‌് കയറ്റി അയക്കുന്നത‌്. ഗുണനിലവാരം വളരെക്കുറഞ്ഞ പരിപ്പായതിനാല്‍ ഇവയ്ക്ക് വിലയും കുറവായിരിക്കും.വറുത്ത കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യാൻ ചുങ്കമില്ല. ഇതിന്റെ മറവിലാണ് വറുക്കാത്ത സാധാരണ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത്
വിയറ്റ്‌നാമിൽനിന്ന് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്തിരുന്നത് ചൈനയിലേക്കാണ്. അവിടെ നികുതി നടപടികൾ കർശനമാക്കിയതിനാലാണ് കഴിഞ്ഞ നാലഞ്ചുമാസമായി ഇന്ത്യയിലേക്ക് ഇറക്കുമതി വർധിച്ചത്. ആറുമാസത്തിനുള്ളിൽ 200 കണ്ടെയ്‌നർ പരിപ്പ് എത്തിയിട്ടുണ്ടെന്നാണ് സി.ഇ.പി.സി.ഐ. കണക്കാക്കുന്നത്. പകുതി സംസ്കരിച്ച പരിപ്പ് ചിലർ ഇറക്കുമതിചെയ്ത് കയറ്റുമതി, ഇറക്കുമതി ആനുകൂല്യങ്ങൾ നേടുന്നതും കേരളത്തിലെ വ്യവസായികൾക്ക് ഭീഷണിയായി.ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് തോടുമാത്രം പൊളിച്ച കശുവണ്ടി ഇന്ത്യയിലെത്തിച്ച് സംസ്കരിച്ച് ഇന്ത്യൻ കശുവണ്ടി എന്ന ബ്രാൻഡിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സംസ്കരണത്തിനുള്ള 25 ശതമാനം ഇൻസെന്റീവും ഇന്ത്യയിൽനിന്ന് കയറ്റുമതിക്കുള്ള അഞ്ചുശതമാനം ഇൻസെന്റീവും ഇവർക്ക് കിട്ടുന്നു.
Share your comments