ഭാഗികമായി സംസ്കരിച്ച കശുവണ്ടി പരിപ്പ് (ബോർമ പരിപ്പ്) നികുതിയില്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനു നൽകിയിരുന്ന അനുമതി കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇന്ത്യയിൽ സംസ്കരിച്ച ശേഷം തിരികെ കയറ്റുമതി ചെയ്യാമെന്ന ഉറപ്പിൽ ഇറക്കുമതിച്ചുങ്കവും നികുതിയുമില്ലാതെ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ നൽകിയിരുന്ന അനുമതിയാണു പിൻവലിച്ചത്.ഇതിന്റെ മറവിൽ നടത്തിയിരുന്ന അനധികൃത ഇടപാടുകൾ ഇതോടെ നിലയ്ക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തിന് ഇതു സഹായകരമാകുമെന്നാണ് പ്രതീക്ഷ.മറ്റു രാജ്യങ്ങളിൽ വിൽക്കാൻ കഴിയാത്ത പൊടിപ്പരിപ്പും ഇത്തരത്തിൽ ഇറക്കിയിരുന്നു. ഇവിടെ അതു കൂടിയ വിലയ്ക്കു വിറ്റഴിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയിൽ പൂർണമായും സംസ്കരിക്കുന്ന കശുവണ്ടിപ്പരിപ്പിനു ലഭിക്കുന്ന കയറ്റുമതി ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കുകയും ചെയ്യും.
ഫലത്തിൽ ഇത്തരം ഇറക്കുമതി അനുവദിക്കപ്പെട്ടതു വിദേശ രാജ്യങ്ങളിലെ സംസ്കരണത്തിനു സഹായകമാവുകയും ആഭ്യന്തര സംസ്കരണത്തെ തളർത്തുകയുമാണു ചെയ്യുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. 2018 മേയിൽ നൽകിയ ഉത്തരവു പ്രകാരം 500 കോടിയുടെ പരിപ്പാണു വിപണിയിലെത്തിയത്. ഇതിനെതിരെ കൗൺസിൽ രംഗത്തു വന്നതോടെ ഉത്തരവു മരവിപ്പിച്ചെങ്കിലും 2019 മേയിൽ വീണ്ടും ഇറക്കുമതി അനുവദിച്ചു.ഈ ആവശ്യം മാസങ്ങളായി പ്രമോഷന്‍ കൗണ്‍സില്‍ ഉന്നയിച്ചിരുന്നു. ഇറക്കുമതി നിര്‍ത്തുന്നതിനൊപ്പം ആഭ്യന്തര വിപണി മെച്ചപ്പെടുത്താനും ഇവിടെ സംസ്‌കരണം പുനരാരംഭിക്കാനും ഉത്തരവ് സഹായകമാകും. വന്‍കിട-ചെറുകിട വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വ്യവസായികള്‍ക്കും ഗുണകരമാകും. ആഭ്യന്തര വിപണിയില്‍ കശുവണ്ടിപ്പരിപ്പിന് നല്ല വില ലഭിക്കുന്നുണ്ട്. ഡിമാന്‍ഡും വര്‍ധിക്കുന്നു. കയറ്റുമതിക്കും അനുകൂലസാഹചര്യമാണ്.
പൊടിപ്പരിപ്പ് വിറ്റഴിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ വിദേശരാജ്യങ്ങളിലെ കശുവണ്ടി സംസ്‌കരണം കുറയും. രാജ്യത്തെ കശുവണ്ടിക്ക് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ വിപണനത്തിന് സഹായവുമാകും. കശുവണ്ടിരംഗത്ത് ഇന്ത്യക്ക് വെല്ലുവിളിയായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളെല്ലാം അതതിടത്ത് കശുവണ്ടി സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടങ്ങളില്‍ സംസ്‌കരിക്കപ്പെടുന്ന പൊടിപ്പരിപ്പ് അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവ ഇന്ത്യന്‍ വിപണിയില്‍ വിറ്റാലേ അതത് രാജ്യത്ത് കശുവണ്ടി സംസ്‌കരണം പ്രായോഗികമാകൂ. 2018 മെയ് മാസത്തില്‍ 100 കോടി രൂപയുടെ പരിപ്പാണ് ആഭ്യന്തര വിപണിയില്‍ എത്തിയത്. ഡിസംബറില്‍ നാല് ലക്ഷം കിലോ ബോര്‍മ പരിപ്പ് ഇറക്കുമതി ചെയ്തതായാണ് കണക്ക്.
Share your comments