<
  1. News

കൃഷിയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിന് പ്രാധാന്യം നൽകും: മന്ത്രി

കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്‌ന ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Saranya Sasidharan
Importance will be given to production of value added products from agriculture: Minister
Importance will be given to production of value added products from agriculture: Minister

കർഷകരുടെ വരുമാനവും കാർഷികോത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്‌ന ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനപ്പെടുത്തി മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെയും വിപണി ഉറപ്പാക്കുന്നതിലൂടെയും കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ "മൂല്യ വർധിത കൃഷി മിഷന് " സർക്കാർ തുടക്കം കുറിക്കുകയാണ്. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര കാർഷിക വികസന പദ്ധതി "കൃഷിക്കൊപ്പം കളമശ്ശേരി " മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ മാത്രമേ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കു. കഴിഞ്ഞ സാമ്പത്തിക വർഷം കുന്നുകര, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ നീരൊഴുക്കുകൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ നടപ്പിലാക്കി. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി മണ്ഡലത്തിൽ ആകെ 159 സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നാലായിരത്തോളം കർഷകർ ഇതിന്റെ ഭാഗമായിട്ടുണ്ട്. കൃഷിക്കായി ചെറിയ പലിശയിൽ വായ്പയും വിപണിയും ഈ സംഘങ്ങൾ വഴി ഉറപ്പാക്കുന്നു. എല്ലാ സംഘങ്ങൾക്കും മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 20 മുതൽ 27 വരെ കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായ് നടക്കുന്ന കാർഷികമേളയിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. മണ്ഡലത്തിലെ എൽ.പി സ്കൂളുകളിൽ 1.25 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പോഷക സമൃദ്ധം പ്രഭാത ഭക്ഷണ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. നെൽ കർഷകർക്ക് കിട്ടാനുള്ള തുക കിട്ടുന്നതിനും അടുത്ത വർഷം മുതൽ കൃത്യസമയത്ത് തുക ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ മുതിർന്ന കർഷകനെയും വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെയും ആദരിച്ചു.

കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്ത് മുതൽ അഹ്ന ഓഡിറ്റോറിയം വരെ നടന്ന വിളംബര ജാഥയിലും മന്ത്രി പങ്കെടുത്തു.

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കെ.വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഷ്യ രാജൻ, കുന്നുകര കൃഷിഭവൻ കൃഷി ഓഫീസർ സാബിറ ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Importance will be given to production of value added products from agriculture: Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds