പഠന സഹായത്തിനായി ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പ സേവനമാണ് വിദ്യാഭ്യാസ വായ്പ എന്നാണ് നിങ്ങൾ മനസിലാക്കിയിട്ടുള്ളതെങ്കിൽ തെറ്റി. വിദ്യാഭ്യാസ വായ്പ വിദ്യാർഥികളുടെ ഉപരി പഠനത്തിനോ വിദേശ പഠനത്തിനോ ധനസഹായം നൽകുക മാത്രമല്ല, നികുതി ലാഭിക്കാനും ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: CSIR-CIMAP റിക്രൂട്ട്‌മെന്റ് 2022: 12- ആം പാസായവർക്കും അപേക്ഷിക്കാം! വിശദാംശങ്ങൾ
എന്നാൽ വിദ്യാഭ്യാസ ലോണിനായി നെട്ടോട്ടം ഓടുന്നവർ ഏറ്റവും സുഗമമായി ലോൺ ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് പരിശോധിക്കാം. വ്യക്തമായതും കൃത്യമായതുമായ രേഖകള്‍ സമർപ്പിച്ച് അതിവേഗത്തിൽ എങ്ങനെ വിദ്യാഭ്യാസ വായ്പ സ്വന്തമാക്കാമെന്നതാണ് ചുവടെ വിവരിക്കുന്നത്.
ഓരോ ബാങ്കിനും അനുസരിച്ച് ലോണിന്റെ രേഖകളിലും വ്യത്യാസം വരുന്നു. അതുകൊണ്ട് തന്നെ വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കുമായി ആദ്യമേ തന്നെ ബന്ധപ്പെട്ട് ആവശ്യമായ രേഖകളുടെ പൂർണമായി ലിസ്റ്റ് തയ്യാറാക്കി വയ്ക്കണം.
വിദ്യാഭ്യാസ വായ്പ ആർക്കൊക്കെ ലഭിക്കും
ഇന്ത്യന്‍ പൗരന്മാര്‍
ഇന്ത്യക്കാരല്ലാത്തവര്‍ (എന്‍ആര്‍ഐ)
ഇന്ത്യന്‍ ഓവര്‍സീസ് പൗരന്മാര്‍ (ഒസിഐ)
ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ (പിഐഒ)
ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന, വിദേശത്തുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാർഥികള്‍ എന്നിവർക്കാണ് ഇന്ത്യയിൽ നിന്നും വായ്പകൾ ലഭ്യമാകുന്നത്.
വിദ്യാഭ്യാസ വായ്പക്ക് ആവശ്യമായ രേഖകൾ
ഐഡന്റിന്റി തെളിയിക്കുന്ന വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, യൂട്ടിലിറ്റി ബില്‍ എന്നീ രേഖകളിൽ ഏതെങ്കിലും തീർച്ചയായും ആവശ്യമാണ്. നോട്ടറൈസ് ചെയ്തതും രജിസ്റ്റര്‍ ചെയ്തതുമായ വാടക കരാര്‍, വരുമാനം തെളിയിക്കുന്ന രേഖകള്‍ എന്നിവയും നിർബന്ധം.
എല്ലാ കിഴിവുകളും കാണിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കളുടെ സാലറി സ്ലിപ്പ്, ഫോം 16, കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐടി റിട്ടേണുകള്‍ എന്നിവ ഹാജരാക്കണം. എന്നാൽ അപേക്ഷകന് ജോലിയുണ്ടെങ്കിൽ, ഇതിന്റെ ആവശ്യമില്ല. പകരം ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് പാസ്ബുക്ക്, സാലറി സ്ലിപ്പുകള്‍, ഫോം 16, കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐടി റിട്ടേണുകള്‍ എന്നിവ സമർപ്പിക്കണം.
സ്വയം തൊഴില്‍ ചെയ്യുന്ന അപേക്ഷകര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരുമാനത്തിന്റെ കണക്കുകൂട്ടല്‍, ഈ കാലയളവിലെ ആദായനികുതി റിട്ടേണുകള്‍, 26 എസ്, ട്രേസസ് എന്നിവയും ബാലന്‍സ് ഷീറ്റും ഹാജരാക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടും രേഖകളിൽ സമർപ്പിക്കേണ്ടതുണ്ട്.
ഗുമസ്ത ലൈസന്‍സ്, സേവന നികുതി രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ബിസിനസ് തെളിവ് രേഖകളിൽ ഹാജരാക്കണം. ഐടി അസസ്‌മെന്റ്/ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍കം ടാക്‌സ് ചലാനുകള്‍/ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് (ഫോം 16 എ)/ഫോം 26 എഎസ് എന്നിവയും നിർബന്ധം.
വിദ്യാഭ്യാസ വായ്പക്ക് മുൻപ് പഠിച്ച വിദ്യാഭ്യാസ വിവരങ്ങളും ബാങ്കിൽ ആവശ്യമാണ്. എസ്എസ്ഇ, എച്ച്എസ്ഇ അല്ലെങ്കില്‍ ഡിഗ്രി കോഴ്‌സുകളുടെ മാര്‍ക്ക് ഷീറ്റുകള്‍ എന്നിവയും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശന കത്തിന്റെ പകർപ്പും, സ്ഥാപനത്തിലെ ഫീസ് ഷെഡ്യൂള്‍, സ്ഥാപനത്തില്‍ നിന്നുള്ള ഡിമാന്‍ഡ് ലെറ്റര്‍, ഫീസ് അഡ്മിഷന്‍ രസീതിന്റെ പകർപ്പ് എന്നിവ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളായി സമർപ്പിക്കണം.
ബിരുദം, ബിരുദാനന്തര പ്രോഗ്രാമുകള്‍, 6 മാസമോ അതിൽ കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, നഴ്സിങ്, ഡോക്ടറല്‍ കോഴ്സുകളും പിഎച്ച്ഡികൾ, തൊഴിലധിഷ്ഠിത കോഴ്സുകള്‍, സാങ്കേതിക/ ഡിപ്ലോമ/ പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് വിദ്യാഭ്യാസ വായ്പകൾ ലഭ്യമാണ്.
ലോണിലെ പഠന ചെലവുകള്‍
ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പരീക്ഷ/ ലബോറട്ടറി/ ലൈബ്രറി ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ ലോൺ അനുവദിക്കുന്ന ചെലവുകളിൽ ഉൾപ്പെടുന്നു. പുസ്തകങ്ങള്‍/ ഉപകരണങ്ങള്‍/ യൂണിഫോം എന്നിവയുടെ വില, കോഴ്സിന് ആവശ്യമായ ലാപ്ടോപ്പ്, കമ്പ്യൂട്ടർ, കോഷന്‍ ഡെപോസിറ്റ്, കെട്ടിട ഫണ്ട്, പഠന ടൂറുകള്‍/തീസിസ്/പ്രോജക്റ്റ് വര്‍ക്ക് എന്നിവയും ഇതിലുണ്ട്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികൾക്ക് അവരുടെ യാത്രാ ചെലവും ലോൺ തുകയിൽ ഉൾപ്പെടുത്തുന്നു.
പലിശ നിരക്കും തിരിച്ചടവും
ഓരോ ബാങ്കുകളും ഈടാക്കുന്ന പലിശ നിരക്ക് വ്യത്യാസ്തമായിരിക്കും. വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ബാങ്കിന്റെ എംസിഎല്‍ആറുമായി ( MCALR-മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്) ബന്ധിപ്പിച്ചിരിക്കുന്നു. ഇതനുസരിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. പഠന സമയത്ത് സാധാരണ പലിശ ആയിരിക്കും ചുമത്തുന്നത്. കൃത്യമായി വായ്പ അടച്ചാൽ ബാങ്കുകളിൽ നിന്ന് ഇളവുകള്‍ വരെ ലഭിക്കുന്നതാണ്.
കോഴ്സ് പൂർത്തിയാകുമ്പോൾ മുതലാണ് ലോൺ തിരിച്ചടയ്ക്കേണ്ടത്. എന്നിരുന്നാലും, ചില ബാങ്കുകളിൽ ആശ്വാസ കാലയളവ് അനുവദിക്കുന്നുണ്ട്. അതായത്, ജോലി ലഭിച്ചതിന് ശേഷം ആറ് മാസം വരെയോ, അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം വരെയോ സാവകാശമെടുത്ത് തുകയും പലിശയും തിരിച്ചടയ്ക്കാം. കോഴ്സ് പൂര്‍ത്തിയായി ഉടന്‍ ജോലി ലഭിക്കുന്നവര്‍ ആറ് മാസത്തിനകം തിരിച്ചടച്ചിരിക്കണം.
Share your comments