പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കണ്ട റബർ കർഷകന്റെ കണക്കുകൂട്ടലുകൾ ഒന്നാകെ തെറ്റി. എട്ടു വർഷമായി തുടരുന്ന വിലത്തകർച്ചയിൽ ജീവിതം വഴിമുട്ടിനിൽക്കുന്പോഴാണ് ഇരുട്ടടിപോലെ കോവിഡ് 19ന്റെ ആഘാതം.
റബർ മേഖലയെയും കീഴ്പ്പെടുത്തിയത്. ലോക്ക്ഡൗണ്മൂലം സ്തംഭിച്ച സമസ്ത മേഖലകൾക്കും ആശ്വാസവും ഉത്തേജകവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാരിവിതറിയപ്പോൾ ഒന്നും ലഭിക്കാതെ റബർ കർഷകർ വീണ്ടും കൂട്ടിലടയ്ക്കപ്പെട്ടു. റബർവിപണി പൂർണമായി നിലച്ചു. ചെറുകിട വ്യാപാരികളിപ്പോൾ കടകൾ തുറക്കുന്നുണ്ടെങ്കിലും വ്യാപാരവുമില്ല, വിലയുമില്ല. റബറിന്റെ ഭാവിയിൽ ആശങ്കപടരുന്പോൾ പരിഹരിച്ചു താങ്ങാകേണ്ടവർ കോവിഡ് പ്രതിസന്ധിയിലും വിലയിടിച്ചു റബർ കർഷകനെ മൊത്തക്കച്ചവടം നടത്തി നേട്ടംകൊയ്യാൻ അണിയറനീക്കം നടത്തുന്നത് നിസാരവത്കരിച്ചാൽ ചരിത്രം മാപ്പുനൽകില്ല.
കുട പിടിക്കുന്നവർ
അനിയന്ത്രിതമായ റബർ (Rubber ) ഇറക്കുമതിക്കു കാലങ്ങളായി കുട പിടിക്കുന്നതാരാണ്? ഉത്പാദനം, ഉപഭോഗം, ഇറക്കുമതി, സ്റ്റോക്ക്, കയറ്റുമതി കണക്കുകളിൽ കൃത്രിമം കാട്ടി വിപണി തകർത്തതും തകർക്കുന്നതുമാരാണ്? പ്ലാവും മാവും തേക്കും കമുകും നിറഞ്ഞിരുന്ന കേരളത്തിലെ പുരയിടങ്ങളിൽനിന്ന് എല്ലാം വെട്ടിമാറ്റിയാൽ മാത്രം റബർകൃഷിക്ക് അംഗീകാരമെന്നു പറഞ്ഞ് അവസാനം കർഷകനെ കുത്തുപാളയെടുപ്പിക്കാൻ വഴിയൊരുക്കിയതാരാണ്? ഇന്നലെകളിൽ തുച്ഛമായ സബ്സിഡികൾ നൽകി മോഹവലയത്തിലാക്കി ഉള്ള വിളകളെല്ലാം വെട്ടിമാറ്റി സ്വന്തം അടുക്കള വാതിൽക്കൽ പോലും റബർ വച്ചവർ തുടർന്ന് ആവർത്തനകൃഷി സബ്സിഡിയൊന്നും ലഭിക്കാതെ നിരാശരാകുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ കുതന്ത്രശാലികൾ ആര്? കുറഞ്ഞ ചെലവിൽ വ്യവസായികൾക്കു പ്രകൃതിദത്ത റബർ എത്തിച്ചുകൊടുക്കാൻ വീതം പറ്റിയവർ, പട്ടിണിയും പരിവട്ടവുമായി നിലനിൽപ്പിനും ജീവൻ നിലനിർത്തുവാനുമായി ഉദ്യോഗസ്ഥ തമ്പ്രാക്കളുടെ കാലുപിടിക്കുന്ന ഗതികെട്ട അവസ്ഥയിലേക്കു റബർ കർഷകരെ തള്ളിവിട്ടതു തങ്ങൾ പതിറ്റാണ്ടുകളായി നെഞ്ചിലേറ്റിയ റബർബോർഡാണെന്നു മനസിലാക്കാൻ ഇനിയും വൈകുന്നതെന്ത്?
ഉത്തേജനമേകാത്ത പാക്കേജ്
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ 20 ലക്ഷം കോടിയുടെയും സംസ്ഥാന സർക്കാരിന്റെ 20,000 കോടിയുടെയും ഉത്തേജക പ്രഖ്യാപനങ്ങളിലൊരിടത്തും വിലത്തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബർ മേഖലയ്ക്ക് ആശിക്കാനൊന്നുമില്ല. ചെറുകിട സംരംഭകർക്കു വായ്പാസൗകര്യം മാത്രമാണ് 20 ലക്ഷം കോടിയിലെ ഏക പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങളിലൂടെ വിദേശ വ്യവസായികൾക്ക് ഇന്ത്യയിൽ നിക്ഷേപത്തിനുള്ള കവാടം തുറന്നു കൊടുത്തിരിക്കുന്നതുമൂലം ആഭ്യന്തര കാർഷിക വിപണിയെ തകർക്കുന്ന അനിയന്ത്രിത ഇറക്കുമതിക്കു ഭാവിയിൽ അവസരമുണ്ടാകും. റബറുൾപ്പെടെ നാണ്യവിളകളുടെ വിലത്തകർച്ച തുടരാനുള്ള സാധ്യതയേറും. രാജ്യാന്തര റബർവിലയും ആഭ്യന്തര വിപണിവിലയും വ്യത്യാസമില്ലാത്ത സാഹചര്യമായിരിക്കും പുത്തൻ പ്രഖ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
റബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുമോ എന്നതിലും വ്യക്തതയില്ല. ഇറക്കുമതി ചുങ്കത്തിലൂടെ ലഭിക്കുന്ന വൻ വരുമാനത്തിന്റെ ഒരു ഭാഗമെടുത്തു വിലസ്ഥിരതാ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കാതെ കേന്ദ്രസർക്കാർ മുഖംതിരിഞ്ഞു നിൽക്കുന്നതും റബർബോർഡ് കൈ മലർത്തുന്നതും റബർ പ്രതിസന്ധി വരുംനാളുകളിൽ രൂക്ഷമാക്കും. ഇപ്പോഴും ചെറുകിട കർഷകന്റെ ആകെ ആശ്വാസം സംസ്ഥാന സർക്കാരിന്റെ കുടിശികയുള്ള വിലസ്ഥിരതാ പദ്ധതി മാത്രം.
ഇറക്കുമതി നിരോധിക്കാൻ
ലോകവ്യാപാരക്കരാറും ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറും നിലനിൽക്കുന്പോൾ ഇറക്കുമതി നിരോധിക്കാൻ സാധിക്കില്ലെന്നുള്ള സർക്കാർ ഉദ്യോഗസ്ഥ വ്യവസായി നിലപാട് പൊളിച്ചെഴുതാനുള്ള ഒരു സുവർണാവസരവും കോവിഡ് -19 നൽകുന്നുണ്ട്. ആഭ്യന്തര വിപണി പ്രശ്ന സങ്കീർണമായിരിക്കുന്പോൾ സംരക്ഷിത ചുങ്കവും ആന്റി ഡംപിംഗ് ഡ്യൂട്ടിയും ചുമത്തുക മാത്രമല്ല റബർ ഇറക്കുമതിതന്നെ നിശ്ചിത കാലയളവിലേക്കു നിരോധിക്കുകയും ചെയ്യാം. അതിനുള്ള വിശാലമനസും തുറന്ന കർഷകസൗ ഹൃദസമീപനവും കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുണ്ടായാൽ മാത്രം മതി. മുൻകൈയെടുക്കേണ്ടതു റബർ ബോർഡാണ്. അതേസമയം, കോവിഡ് -19ന്റെ പ്രതിസന്ധി ഉയർത്തിക്കാട്ടി നികുതി രഹിത ഇറക്കുമതി ലക്ഷ്യംവയ്ക്കുകയാണ് വ്യവസായികൾ. റബറിന്റെ ആഭ്യന്തര ഉത്പാദനം കുറയുമെന്ന് പ്രഖ്യാപിച്ചു നികുതിരഹിത ഇറക്കുമതിക്കു റബർ ബോർഡും ( Rubber board) വാണിജ്യ മന്ത്രാലയവും ഒത്താശ ചെയ്താൽ കർഷകർ കൃഷി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും.
കാർഷിക ഉത്പന്നം കടങ്കഥയോ?
ഇന്ത്യയുടെ ലോകവ്യാപാര സംഘടനാ കരാറിൽ റബർ വ്യാവസായിക അസംസ്കൃതവസ്തുവാണ്, കാർഷിക ഉത്പന്നമല്ല. റബർ വളരുന്ന ഭൂമി കൃഷിഭൂമിയാണെന്നു സർഫാസി നിയമത്തെ ചോദ്യംചെയ്തുകൊണ്ടുള്ള കേസിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൃഷിഭൂമിയിൽ വളരുന്ന റബറിൽ നിന്നുണ്ടാകുന്നതു വ്യാവസായിക അസംസ്കൃതവസ്തുവും ടെക്സ്റ്റയിൽ വ്യവസായത്തിലെ അസംസ്കൃത വസ്തുവായ പരുത്തി കാർഷികോത്പന്നവും! ഈ നീതികേടാണ് ഇന്നു റബർ കർഷകന്റെ അവസാന പിടിവള്ളിപോലും മുറിച്ചെടുത്തിരിക്കുന്നത്.
റബറിനെ കൃഷിമന്ത്രാലയത്തിന്റെ കീഴിലാക്കാനോ കാർഷികോത്പന്നമാക്കാനോ സാധ്യമല്ലെന്നു കേന്ദ്രകൃഷിമന്ത്രി 2018 മാർച്ച് 13ന് ലോക്സഭയിൽ രേഖാമൂലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയറിയേണ്ടത് റബർകൃഷി ചെയ്യുന്നവരെ കർഷകരായി കണക്കാക്കുമോയെന്നതാണ്. റബർകൃഷി നടത്തുന്നവർ കർഷകരാണെങ്കിൽ കൃഷിവകുപ്പിൽനിന്നുലഭിക്കേണ്ട എല്ലാ ആനുകൂല്യവും പരിഗണനയും റബർ കർഷകർക്കുണ്ടാകേണ്ടതല്ലേ? റബറിനെ വാണിജ്യമന്ത്രാലയത്തിൽനിന്ന് പറിച്ചുമാറ്റാൻ റബർബോർഡും തയാറല്ലെന്നാണറിയുന്നത്.
ഇതൊരു പാഠമാകണം
ലോകത്തിലെ പ്രധാന റബറുത്പാദക രാജ്യങ്ങളായ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ റബർ കർഷകരെ കൃഷിവകുപ്പിന്റെ കീഴിലാക്കി റബർ കർഷക നയത്തിലൂടെ സംരക്ഷിക്കുന്നതു കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പാഠമാക്കണം. കേരളത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ലായ റബറിനെ കാർഷികോത്പന്നമായി പ്രഖ്യാപിച്ചു നടപടിക്രമങ്ങൾ തുടരുവാൻ സംസ്ഥാന സർക്കാരും മടിക്കേണ്ടതില്ല. തന്റേടത്തോടെയുള്ള ഇത്തരം നീക്കങ്ങൾകൊണ്ടു മാത്രമേ റബർ മേഖലയ്ക്ക് ഈ മണ്ണിൽ നിലനിൽപ്പുള്ളു.
പ്രമുഖ റബർ ഉത്പാദക രാജ്യങ്ങൾ വിവിധ പ്രതിസന്ധിഘട്ടങ്ങളിൽ റബർ കർഷകർക്കു നൽകുന്ന സംരക്ഷണങ്ങളും റബർ സംഭരണങ്ങളും ന്യായവില നൽകലും ഇന്ത്യയുടെ മണ്ണിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. റബർബോർഡിനുമുണ്ട് ഒരു ഡയറക്ടർബോർഡ്. വ്യവസായികളും സംഘടനാപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഉൾക്കൊള്ളുന്ന രണ്ടു ഡസനോളം വരുന്ന വന്പൻ പട. റബർമരം കണ്ടിട്ടില്ലാത്തവർ തുടങ്ങി റബർകൃഷിയുടെ ബാലപാഠം പോലുമറിയാത്തവർവരെ ഇക്കൂട്ടത്തിലുണ്ടെന്നു മാത്രമല്ല പലരും ബോർഡുമീറ്റിംഗിൽ പോലും പങ്കെടുക്കാറുമില്ല. ഇത്തരം പ്രഹസനങ്ങൾ റബർബോർഡിൽ നിലനിൽക്കുന്പോൾ കർഷകൻ എങ്ങനെ ഇവരിലൂടെ രക്ഷ പ്രതീക്ഷിക്കും. കർഷക സംരക്ഷകരെന്നു നിരന്തരം കൊട്ടിഘോഷിക്കുന്ന ജനപ്രതിനിധികളും വഞ്ചനയുടെ ആൾരൂപങ്ങളാണ്. അധികാരക്കൊതിയും തമ്മിലടികൾക്കുമപ്പുറം ഒറ്റക്കെട്ടായി കർഷക നിലപാടുകളെടുക്കാൻ സാധിക്കാതെ അഹന്തയും ധാർഷ്ട്യവും വച്ചുപുലർത്തുന്ന ഇക്കൂട്ടരുടെ കർഷക സ്നേഹത്തിന്റെ കാപട്യം കർഷകർ തിരിച്ചറിയണം.
റബർ വിലത്തകർച്ച കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടതല്ല. നാളുകളായി പരിഹാരമില്ലാതെ തുടരുന്ന പ്രതിഭാസമാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നുള്ള തുടർനടപടികളിൽ റബർ പ്രതിസന്ധി രൂക്ഷമായി എന്നു മാത്രം. പക്ഷേ, ഈ പ്രതിസന്ധി മുതലെടുത്തു വരുംനാളുകളിൽ ഒരിക്കലും കരകയറാൻ പറ്റാത്ത നടുക്കടലിലേക്കു കർഷകരെ മനഃപൂർവം തള്ളിയിടുന്നതു ക്രൂരതയല്ലേ? വ്യവസായ ലോബിയുടെ ലാഭക്കൊതിയുടെ ഇരകളാണ് റബർ കർഷകരെന്നും ഇടനിലക്കാരാണ് റബർബോർഡെന്നും തിരിച്ചറിയാൻ ഇനിയും പലർക്കുമായിട്ടില്ല.
ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ( Infarm )ദേശീയ സെക്രട്ടറി ജനറൽ ആണ് ലേഖകൻ
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാടൻകോഴി കർഷകരുടെ കൂട്ടായ്മയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് എറണാകുളം കെ.വി.കെ.യെ സമീപിക്കാം.
Share your comments