ഇന്ത്യ ലോകത്തെ നയിക്കുന്നു… കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അതെ, അത്യാധുനിക സാങ്കേതിക വിദ്യകളിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യം കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിൽ അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് 5ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ വച്ച് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിൽ വച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
സ്വീഡനിലെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഡൽഹിയിൽ നിന്നും മോദി
5ജി മൊബൈല്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്വീഡനിലുള്ള കാറിന്റെ നിയന്ത്രണം ഡൽഹിയിലിരുന്ന് നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 5 ജി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്വീഡനിലുള്ള കാർ ഡല്‍ഹിയിലിരുന്ന് പ്രധാനമന്ത്രി ഡ്രൈവ് ചെയ്തത്.
ഇന്ത്യയിൽ 5ജി (5G in India)
13 നഗരങ്ങളിലാണ് 5ജിയുടെ ആദ്യഘട്ടം അവതരിപ്പിക്കുന്നത്. അഹമ്മദാബാദ്, ബംഗളുരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, ജാംനഗര്‍, പൂനെ എന്നിവിടങ്ങളാണ് 5ജി അവതരിപ്പിക്കുന്ന നഗരങ്ങൾ. 2024-ഓടെ ഇത് രാജ്യമൊട്ടാകെയായി വ്യാപിപ്പിക്കാനാകും.
5 ജി എന്ന അത്യാധുനിക സേവനത്തിലൂടെ രാജ്യത്ത് പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നും കണക്കുകൂട്ടുന്നു.
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022
ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022. ഇന്ന് ഒക്ടോബർ 4 വരെയാണ് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് പതിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
5G സാങ്കേതികവിദ്യ മൊബൈൽ കമ്മ്യൂണിക്കേഷനിലും ഡാറ്റാ ട്രാൻസ്മിഷനിലുമായി 4Gയെക്കാൾ വളരെ വേഗതയുള്ള വേഗത വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ വലിയ സ്‌പെക്ട്രം ലേലം കഴിഞ്ഞ മാസമായിരുന്നു നടന്നത്. 40 റൗണ്ടുകളിലായി നടന്ന ലേലത്തിൽ മൊത്തം 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിറ്റഴിച്ചു. ഒരാഴ്ചയായിരുന്നു ലേലം നീണ്ടുനിന്നത്. രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് വിറ്റഴിച്ച മൊത്തം സ്‌പെക്ട്രമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ജില്ലയിലെ ആദ്യത്തെ സൗജന്യ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് ഒരുക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
Share your comments