പഞ്ചസാര കയറ്റുമതിയിൽ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ; കൂടുതൽ കൃഷി വാർത്തകൾ
പഞ്ചസാര കയറ്റുമതിയിൽ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യ നടത്തിയ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. കയറ്റുമതി കൂടിയതിനാൽ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമാണുണ്ടായത്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി ഇന്ത്യ ഉയര്‍ന്നു. ഇതോടൊപ്പം തന്നെ പഞ്ചസാരയുടെ ഉപഭോക്താവും ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാര് കൂടിയാണ് ഇന്ത്യ
1. കേരളത്തിൽ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സിൻ്റെ സിഇഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരി വാങ്ങിയ ഓർക്കലെ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോർവീജിയൻ കമ്പനിയാണ്.
2. പഞ്ചസാര കയറ്റുമതിയിൽ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യ നടത്തിയ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. കയറ്റുമതി കൂടിയതിനാൽ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമാണുണ്ടായത്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി ഇന്ത്യ ഉയര്‍ന്നു. ഇതോടൊപ്പം തന്നെ പഞ്ചസാരയുടെ ഉപഭോക്താവും ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാര് കൂടിയാണ് ഇന്ത്യ.
3. വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ ശങ്കര മുഖം ഗവ.എൽ.പി. എസിൽ 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക വിദ്യാരംഭത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ജി സ്റ്റീഫൻ MLA നിർവ്വഹിച്ചു. 500 ബാഗുകളിലായി വിവിധ തരത്തിലുളള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷി പാഠങ്ങൾ കുട്ടികളിൽ ഉൾക്കൊള്ളിച്ച് കൊണ്ട് കാർഷിക അഭിരുചി വളർത്തുന്നതിനാണ് കാർഷിക വിദ്യാരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളിലേക്കാവശ്യമായ വിഷരഹിത ജൈവ പച്ചക്കറികൾ ഉൽപാദിപ്പിക്കുക കൂടിയാണ് സംരംഭത്തിന്റെ ലക്ഷ്യം.
4. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ രൂപീകരിച്ച കൃഷി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന കാർഷിക ശിൽപ്പശാല എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. കൂവ കൃഷിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കാർഷിക വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അഭിനന്ദനാർഹമാണെന്നും. മാഞ്ഞാലി കൂവ എന്ന പേരിൽ ബ്രാൻ്റഡ് കൂവപ്പൊടി വിപണിയിലിറക്കുവാൻ കഴിഞ്ഞത് മാതൃകയാണെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ പി ഗോവിന്ദൻ, കല്യാശ്ശേരി പഞ്ചായത്ത് അംഗം കെ സിജു, ഇരിണാവ് ബാങ്ക് സെക്രട്ടറി കെ രാജീവൻ എന്നിവർ സംസാരിച്ചു.
6. ക്ഷീര വികസന വകുപ്പ് 2022-23 ലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. രണ്ട്, അഞ്ച്, പത്ത് പശുക്കള്‍, യന്ത്രവത്കരണം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം എന്നിവയ്ക്കുളള ധനസഹായം പദ്ധതിയിലൂടെ ലഭിക്കുന്നു. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 20 നുളളില്‍ അപേക്ഷ നല്‍കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
7. വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കൂർക്ക ചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏക്കർ കണക്കിന് പാടങ്ങളിലായി കൃഷി ചെയ്ത കൂർക്കയ്ക്ക് വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചത്. 33 ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് കൂർക്ക കൃഷി ചെയ്തിട്ടുള്ളത്. കിലോയ്ക്ക് 55 രൂപ നിരക്കിലാണ് ചന്തയിൽ കൂർക്ക വിൽക്കുന്നത്. കൂർക്കയും ബീഫും, കൂർക്കയും നെയ്‌ച്ചാളയും ഉൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങളും ഒരുക്കും. പഞ്ചായത്ത് സ്റ്റേജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷനായി.
8. കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് ഈ മാസം 10-ന് കൃഷി ലാഭകരമാക്കാന്‍ ശാസ്ത്രീയ മണ്ണു പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ 40 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍9 1 8 8 2 2 3 5 8 4എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
9. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കേര രക്ഷാവാരം ക്യാമ്പയിന്റെ ഭാഗമായി മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേര കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പച്ചിലവള കൃഷിയും പയര്‍ വര്‍ഗ കൃഷിയും തെങ്ങിന്‍തോട്ടത്തില്‍ വ്യാപിപ്പിക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജു കുമാര്‍ നിര്‍വഹിച്ചു. മടവൂര്‍ കൃഷിഭവന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത അമ്പത് കര്‍ഷകര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കിയത്. വാമനപുരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജേക്കബ് ജോയി ക്ലാസ് നയിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് റസിയ ബി. ആര്‍ അധ്യക്ഷത വഹിച്ചു.
10. സുസ്ഥിരത, ഭക്ഷ്യസുരക്ഷ, റീട്ടെയിൽ വിതരണ ശൃംഖല, ,കൃഷിയുടെ ഭാവി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി ദുബായ് ചേംബറിൻ്റേയും ഫുഡ് ടെക് വാലിയുടെയും പങ്കാളിത്തത്തോടെ യുഎഇ ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്‌ചേഴ്‌സ് ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച ഫ്യൂച്ചർ ഫുഡ് ഫോറം 2022-ൻ്റെ മൂന്നാം പതിപ്പ് ഗ്രാൻഡ് ഹയാത്ത് ദുബായിൽ അവസാനിച്ചു. ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഈജിപ്ത്, ജോർദാൻ, യുകെ, യുഎസ്, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്ത പരിപാടിയിൽ ഭാവി അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്തു.
11. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ആന്ധ്രാതീരത്തായുള്ള ചക്രവാതചൂഴിയുടെയും അനുബന്ധ ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിൽ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയലും മഴ മുന്നറിയിപ്പില്ല.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments