എറണാകുളം : വീട്ടിലെ അരുമ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി ഇന്ത്യയിലെ തന്നെ ആദ്യ ഹൈ ടെക് മൊബൈൽ മൃഗാശുപത്രി സജീകരിച്ചിരിക്കുകയാണ് പറവൂരിന് സമീപം ആലങ്ങാടുള്ള ഒരു കുടുംബശ്രീ യൂണിറ്റ്. ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ ആൻഡ് വെറ്ററിനറി സർവീസസിന്റെ ഈ പുതിയ സംരംഭത്തിൽ എയർ കണ്ടിഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉൾപ്പടെ ക്രമീകരിച്ചിരിക്കുന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സാധാരണ കുടുംബങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ നാൾവഴികളിൽ ഒരു പൊൻതൂവൽ കൂടിയാണ് ഈ ക്ലിനിക്.
മൃഗങ്ങൾക്ക് കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, രോഗനിർണയം, പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്ര ക്രിയ തുടങ്ങിയവയെല്ലാം ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ചികിത്സ ആവശ്യമുള്ള എന്നാൽ ചികിത്സ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്ത മൃതപ്രായരായ ജീവികൾക്ക് കരുതലോടെ പരിചരണം ഒരുക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രിയ പ്രകാശൻ എന്ന സംരംഭകയാണ് ശ്രദ്ധ ക്ലിനിക് എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. മൃഗ സംരക്ഷണത്തിൽ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്സ് പൂർത്തിയാക്കിയ പ്രിയ 2018 മുതൽ കുടുംബശ്രീയുടെ തെരുവുനായ വന്ധ്യംകരണ പദ്ധതിയായ എ. ബി. സി യിൽ പ്രവർത്തിച്ചു വരികയാണ്. കേരള കാർഷിക സർവകലാശാല കൃഷി മേഖലകളിൽ ഉള്ള നവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അഗ്രി ക്ലിനിക് ആൻഡ് അഗ്രി ബിസിനസ് സെന്ററിൽ നിന്നാണ് പ്രിയയുടെ ആശയങ്ങൾക്ക് ചിറക് മുളച്ചത്. നബാർഡിന്റെയും ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാനേജിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും ബാങ്ക് ഓഫ് ഇന്ത്യയുടേയും സഹായത്തിലാണ് പദ്ധതി പ്രവർത്തികമായത്. വെള്ളായണി കാർഷിക കോളേജിൽ നിന്നും ലഭിച്ച രണ്ട് മാസത്തെ പരിശീലനത്തിന് ശേഷമാണ് പ്രിയയുടെ ആശയത്തിന് അംഗീകാരം ലഭിച്ചത്. സബ്സിഡിയോട് കൂടിയ ധന സഹായം ഉറപ്പാക്കാനും അവർ സഹായിച്ചു. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് എന്ന അന്താരാഷ്ട്ര സംഘടനയുടെയും തൃശൂർ കൊക്കാല വെറ്ററിനറി കോളേജ് ആശുപത്രിയിലെയും പരിശീലനം പ്രിയക്ക് മുൻപ് ലഭിച്ചിട്ടുണ്ട്.
എ. ബി. സി പദ്ധതിയുടെ നടത്തിപ്പിനായും ഈ പുതിയ വാഹനം ഉപയോഗിക്കാൻ സാധിക്കും. രണ്ട് വെറ്ററിനറി ഡോക്ടർമാരും എട്ടോളം സഹായികളും ക്ലിനിക്കിൽ സേവനത്തിനായി ഉണ്ടാകും. മൃഗ സംരക്ഷണ, ക്ഷീര വികസന, കൃഷി, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മൊബൈൽ ക്ലിനിക് ആയും ഈ പുതിയ വാഹനം ഉപയോഗിക്കാം.
മെയ് മാസം 21ന് ആലങ്ങാട് വെച്ച് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഒരു കോടി രൂപയാണ് വാഹനം നിർമിക്കാൻ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ തിയറ്റർ, പെറ്റ് സലൂൺ, പ്രഥമ ചികിത്സാ സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി കഴിഞ്ഞു. സ്കാനിങ്, എക്സ് -റേ ഉൾപ്പടെയുള്ള യൂണിറ്റുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും . കുടുംബശ്രീയുടെ എ. ബി. സി പ്രവർത്തനങ്ങൾക്കും മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും ഈ വാഹനം കരുത്താവുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ശ്രദ്ധ ക്ലിനികിന്റെ സേവനം എറണാകുളം ജില്ലയിൽ മാത്രമേ ലഭിക്കു എങ്കിലും വൈകാതെ തന്നെ സമീപ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആണ് പദ്ധതിയിടുന്നത്.
Share your comments