സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം നാലു മാസം പിന്നിടുമ്പോൾ ഇതുവരെ 42699 എംഎസ്എംഇകൾ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) രജിസ്റ്റർ ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ 92855 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായി. കഴിഞ്ഞ വർഷം 17,000 സംരംഭങ്ങളായിരുന്നു രജിസ്റ്റർ ചെയ്തത്. ഈ സാമ്പത്തിക വർഷം സംസ്ഥാനത്തെ സംരംഭ മേഖലയിൽ വലിയ ഉണർവാണ് പ്രകടമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ : PM Kisan: ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം, അവസാന തീയതി അറിയുക
എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തോടെ ഈ സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് പ്രോത്സാഹനമേകുന്ന പുതിയ സംരംഭ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകർക്കായി പുതിയ വായ്പ പദ്ധതി ആരംഭിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ : കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു
10 ലക്ഷം വരെയുള്ള വായ്പകൾ നാലു ശതമാനം പലിശനിരക്കിൽ ആണ് സംരംഭകർക്ക് ലഭ്യമാക്കുന്നത്. വ്യവസായ വകുപ്പിന്റെ പ്രത്യേക പലിശ സബ്സിഡിയും ഈ വായ്പ പദ്ധതിയുടെ ആകർഷണമാണെന്ന് മന്ത്രി വിശദീകരിച്ചു. വായ്പ പദ്ധതിയുടെ ആദ്യ 13 ഗുണഭോക്താക്കൾക്കുള്ള വായ്പ അനുമതി സർട്ടിഫിക്കറ്റ് മന്ത്രി ചടങ്ങിൽ കൈമാറി. എംബിഎക്കാരായ ആയിരത്തിലേറെ ഇന്റേണുകളെ നിയമിച്ച് നവസംരംഭകരെ സഹായിക്കാൻ പ്രത്യേക ഹെൽപ് ഡെസ്‌ക് സംവിധാനം നിലവിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംരംഭകരെ സഹായിക്കാൻ പ്രവർത്തിക്കുന്ന ഇന്റേണുകളുടെ പ്രവർത്തന റിപ്പോർട്ട് മന്ത്രിതലം മുതൽ പരിശോധിക്കാനും വിലയിരുത്താനും കഴിയുന്ന മൊബൈൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
ബാങ്കുകളുടെ സഹായത്തോടെ ഒരു പഞ്ചായത്തിൽ 1000 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞാൽ അത് സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും പുതിയ സംരംഭക വായ്പ പദ്ധതിയിലൂടെ സംരംഭക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം. എൽ. എ പറഞ്ഞു. മുദ്രാലോണിന്റെ അതേ നടപടി ക്രമങ്ങൾ പാലിച്ചാണ് സംരംഭക വായ്പ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ : കാർഷിക വ്യവസായ വളർച്ച ലക്ഷ്യം: സൂപ്പർ ആപ്പ് പുറത്തിറക്കി ഐടിസി
Share your comments