തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ ആരംഭിച്ചു. ഈ മാസം 14 മുതല്‍ 22 വരെയാണ് പരിപാടി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. നീര്‍ച്ചാലുകളുടെയും തോടുകളുടെയും ശുചീകരണവും ആഴം വര്‍ധിപ്പിക്കലുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ആവശ്യമുള്ളിടത്തെല്ലാം യന്ത്രസഹായവും തേടുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ തലങ്ങളിലെ സാങ്കേതിക സമിതികള്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ശുചിയാക്കുന്ന നീര്‍ച്ചാലുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതിക്ക് രൂപം നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ്ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.
ഡിസംബര്‍ 22 വരെ എല്ലാ പഞ്ചായത്തുകളിലും ‘ഇനി ഞാന്‍ ഒഴുകട്ടെ’ നീര്‍ച്ചാല്‍ പുനരുജ്ജീവന യജ്ഞം സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ തോടുകള്‍ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ കൂടാതെ ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നുണ്ട്.നീക്കംചെയ്യുന്ന ജൈവമാലിന്യങ്ങൾ കാർഷികാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തും. ഖരമാലിന്യങ്ങൾ തരംതിരിച്ച് മെറ്റീരിയൽ കലക്ഷൻ സെന്ററുകളിലേക്ക് മാറ്റും. ശുചീകരണ പ്രവർത്തനങ്ങൾക്ക് പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കും. ശുചീകരിക്കുന്ന നീർച്ചാലുകളുടെ തുടർ സംരക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തും.
Share your comments