1. കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ പോഷക സമ്പുഷ്ട അരി വിതരണം ചെയ്യണമെന്ന് കേന്ദ്ര നിർദേശം. കൂടാതെ ഏപ്രിൽ മുതൽ രാജ്യത്തെ മുഴുവൻ റേഷൻ കടകളിലൂടെയും ഫോർട്ടിഫൈഡ് അരി നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ നടന്ന സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മട്ട അരിയിൽ പോഷക ഗുണമുള്ളതിനാൽ സമ്പുഷ്ടീകരിച്ച അരി വിതരണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പരീക്ഷണാടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നുണ്ട്. പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡ് വരുന്നു..കൂടുതൽ കൃഷി വാർത്തകൾ
2. 2030ഓടെ കേരളത്തിൽ കുളമ്പു രോഗ നിർമാർജനം സാധ്യമാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം ജില്ലയിൽ സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർക്ക് കനത്ത വെല്ലുവിളിയും സാമ്പത്തിക നഷ്ടവും വരുത്തുന്ന കുളമ്പ് രോഗം കേരളത്തിൽ നിന്ന് തുടച്ചു മാറ്റുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ഈ മാസം 15ന് ആരംഭിച്ച കുത്തിവയ്പ്പ് ഡിസംബർ എട്ട് വരെ തുടരും.
3. അപൂർവയിനം ഫലം വിളയിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് മുൻ പ്രവാസിയും കരുവാരക്കുണ്ട് സ്വദേശിയുമായ മമ്പാടൻ മൊയ്തീൻ. 67 കാരനായ മൊയ്തീന്റെ കൃഷിയിടത്തിൽ വിളഞ്ഞ മഹ്ക്കോട്ട ദേവ എന്ന പഴത്തിന് ഔഷധ ഗുണങ്ങൾ ഏറെയാണ്. മഹ്ക്കോട്ട ദേവയുടെ ജന്മദേശം ഇന്തോനേഷ്യയാണ്. മലേഷ്യയിലും ചൈനയിലും ഇതിന് വലിയ ഡിമാൻഡാണ്. കേരളത്തിൽ ഇടുക്കിയിലാണ് മഹ്ക്കോട്ട ദേവ കൃഷി ചെയ്യുന്നത്. മൂന്ന് വർഷം മുമ്പാണ് മൊയ്തീൻ തൈകൾ നട്ടത്. രണ്ട് വർഷം കൊണ്ട് തന്നെ കായ്ഫലവും ലഭിച്ചു. ഡ്രൈ ഫ്രൂട്സായാണ് പഴം ഉപയോഗിക്കുന്നത്.
4. കൊടകര ഗ്രാമ പഞ്ചായത്തിൽ ആട് വളർത്തൽ വനിതാ പദ്ധതിയ്ക്ക് തുടക്കം. പഞ്ചായത്തിലെ 16 ഗുണഭോക്താക്കൾക്ക് രണ്ട് ആട് എന്ന രീതിയിൽ 32 ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീയുടെ ‘ആട് ഗ്രാമം’ പദ്ധതി മുഖേന കർഷക സംഘത്തിൽ നിന്ന് പഞ്ചായത്താണ് ആടുകളെ വാങ്ങി വിതരണം ചെയ്യുന്നത്. ഗ്രാമീണ വനിതകളുടെ സ്വയം തൊഴിൽ പുനരുദ്ധാരണത്തിനും വരുമാനം മാർഗം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു.
5. ആലപ്പുഴ ജില്ലയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർഗ നിർദേശവുമായി അധികൃതർ. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ പ്രത്യേക യോഗം ചേർന്നു. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കണം, വീട്, സ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കണം തുടങ്ങി നിരവധി മാർഗ നിർദേശങ്ങളും നടപ്പാക്കേണ്ട പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.
6. എളവള്ളി ഗ്രാമപഞ്ചായത്തിലെ കറവ പശുക്കൾക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു. 16 വാർഡുകളിൽ നിന്ന് ഗ്രാമസഭ തെരഞ്ഞെടുത്ത 100 കറവ പശുക്കൾക്കാണ് കാലത്തീറ്റ നൽകിയത്. ഒരു ക്ഷീരകർഷകന് നാലുമാസക്കാലം രണ്ട് ചാക്ക് കാലിത്തീറ്റ ലഭ്യമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ചാക്കിന് 500 രൂപ സബ്സിഡി എന്ന നിലക്കാണ് കാലിത്തീറ്റ നൽകുക. കാലിത്തീറ്റയുടെ വിതരണോദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് നിർവ്വഹിച്ചു.
7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചിതറയിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. മുപ്പത് വർഷമായി തരിശായി കിടന്ന പാടം ആദിവാസികളുടെ സഹകരണത്തോടെയാണ് കൃഷിയോഗ്യമാക്കി മാറ്റിയത്. കാർഷിക വികസന വകുപ്പ്, ബയോഡെവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി, MGLRES, ചിതറ ഗ്രാമപഞ്ചായത്ത്, അഗ്രികൾച്ചർ മാനേജ്‌മെന്റ് ഏജൻസി, ടി.എസ്.പി എന്നിവയുടെ നേതൃത്വത്തിൽ കറുത്തരക്കൻ, ആത്മ ഫുഡ് എന്നി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്.
8. ഗ്രോബാഗിന് പകരം പോളി എത്തിലീൻ ചെടിച്ചട്ടികൾ ഉപയോഗിക്കാൻ കൃഷി വകുപ്പിന്റെ നീക്കം. കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗ്രോബാഗിന് പകരം മൺചട്ടികളും കയർ പിത്ത് ചട്ടികളും വരുന്നത്. ഹൈഡെൻസിറ്റി പോളിഎത്തിലീൻ ചെടിച്ചട്ടി നിർമാണ ഏജൻസി കൃഷി വകുപ്പിനെ സമീപിച്ചതായാണ് വിവരം. കുടുംബശ്രീ ഡയറക്ടറാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകുന്നത്. അഞ്ചു വർഷം ഗ്യാരന്റിയുള്ള ഇവ പരിസ്ഥിതി ദോഷം ഉണ്ടാക്കില്ലെന്നാണ് വിവരം.
9. ഉത്തരേന്ത്യൻ ഡിമാൻഡ് ഇടിഞ്ഞതോടെ ഏലക്ക വിപണി പ്രതിസന്ധിയിൽ. 700 മുതൽ 850 രൂപയിലേക്ക് ഏലയ്ക്കയുടെ വില കുറഞ്ഞു. ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലെ ഏല കർഷകർ വലയുകയാണ്. ഉല്പാദന സീസൺ അവസാനിക്കാറായ ഘട്ടത്തിൽ ഡിമാൻഡ് കുറഞ്ഞത് കർഷകർക്കും വ്യാപാരികൾക്കും കനത്ത തിരിച്ചടിയായി. ഉത്തരേന്ത്യൻ വ്യാപാരികൾക്ക് ഏലക്ക സ്റ്റോക്കുള്ളതിനാൽ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ലെന്നാണ് വിവരം.
10. കൃഷി വകുപ്പിലെ കരാർ ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൃഷി വകുപ്പിൽ ഡാറ്റാ എൻട്രി ഓപറേറ്റർമാരായി 2013 മുതൽ ജോലി ചെയ്യുന്ന 159 പേരെ കൃഷി വകുപ്പിൽ സ്ഥിരപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. കരാർ ജീവനക്കാരിൽ ഭൂരിപക്ഷവും സർക്കാർ ജോലിക്കുള്ള പ്രായ പരിധി കഴിഞ്ഞവരാണെന്നും കൃഷി വകുപ്പ് ജില്ലാ ബ്ലോക്ക് ഓഫീസുകളിലെ സോഫ്റ്റ്വെയർ ജോലികൾ ചെയ്യുന്നത് ഇവരാണെന്നും എ.ഐ.ടി.യു.സി അറിയിച്ചു.
11. ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങാൻ അപേക്ഷ ക്ഷണിക്കുന്നു. എസ്ഇജിപി പദ്ധതി മുഖേന 10 ലക്ഷം രൂപ വരെ അടങ്കൽ തുക വരുന്നതും ഓരോ വില്ലേജുകളിലും നടപ്പാക്കുന്ന യൂണിറ്റുകൾക്കാണ് ധനസഹായം നൽകുക. 25 മുതൽ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പിഎംഇജിപി പദ്ധതിയിൽ 50 ലക്ഷം രൂപ വരെ നിർമാണ മേഖലക്കും 20 ലക്ഷം വരെ സേവന മേഖലയ്‌ക്കും സബ്സിഡി നൽകും. പൗൾട്രി ഫാമുകൾ, ഫിഷ് ഫാമുകൾ, ഓട്ടോറിക്ഷ, മോട്ടോർബോട്ട്, ബ്യൂട്ടിപാർലർ, ഡിടിപി, വാട്ടർ സർവീസ്, വർക് ഷോപ്പ് എന്നിവ തുടങ്ങാൻ വാണിജ്യ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞങ്ങാട് മാവുങ്കാലിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിലോ, 0467 2200585, 9497854529, 9496174175 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
12. മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ ഈ മാസം 26-ന് തുടങ്ങും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാകുന്നുണ്ട്.
13. പാൽ വില കൂട്ടി മദർ ഡയറി കമ്പനി. ഡൽഹിയിൽ ഫുൾക്രീം പാൽ ലിറ്ററിന് 1 രൂപയും, ടോക്കൺ പാൽ ലിറ്ററിന് 2 രൂപയും വർധിപ്പിച്ചു. ഈ വർഷം നാലാം തവണയാണ് മദർ ഡയറി പാൽ വില വർധിപ്പിക്കുന്നത്. ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് വിലവർദ്ധനവിന് കാരണമെന്ന് കമ്പനി അറിയിച്ചു.
14. ഷാർജയിൽ ലുലു ഗ്രൂപ്പിന്റെ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. ദൈദ് മുനിസിപ്പാലിറ്റി ഡയറക്ടർ അലി മുസാബ അൽതുനൈജി ലുലു സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ വിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ദൈദ് എക്സ്പ്രസ് സ്റ്റോർ ആരംഭിച്ചതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
15. കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചാറ്റൽമഴയുണ്ടാകുമെന്നും ഇടിമിന്നൽ സാധ്യതയുള്ളിതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments