<
  1. News

ഇൻഷുറൻസ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ... കൂടുതൽ കാർഷിക വാർത്തകൾ

കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6,201 ഗുണഭോക്താക്കൾക്കു കൂടി കർഷക പെൻഷൻ, ഇൻഷുറൻസ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ: ധാരണാപത്രം ഇന്ന് ഒപ്പിടും, സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6,201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയ ഗുണഭോക്താക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,13,289 കർഷകർക്കാണ് നിലവിൽ പദ്ധതി ആനുകൂല്യം ലഭ്യമാക്കുക. മറ്റേതെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ചെറുകിട നാമമാത്ര കർഷക പെൻഷനിൽ അനർഹരായവരെ ഒഴിവാക്കിക്കൊണ്ടും അർഹത മാനദണ്ഡങ്ങൾ പാലിച്ച് 60 വയസ്സ് പൂർത്തിയാക്കിയ 6201 പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുമാണ് സർക്കാർ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. കർഷക ക്ഷേമവും സുരക്ഷയും മുൻനിർത്തി കേരള സർക്കാർ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രസ്തുത പെൻഷൻ പദ്ധതിയിൽ, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന 60 വയസ്സ് പൂർത്തിയായ കർഷകർക്ക് പ്രതിമാസം 1600 രൂപ വീതമാണ് നൽകുന്നത്. പുതുതായി ചേർക്കപ്പെട്ടിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.

ജില്ല പുതുതായി ചേർത്ത ഗുണഭോക്താക്കളുടെ എണ്ണം
തിരുവനന്തപുരം 46
കൊല്ലം 155
പത്തനംതിട്ട 221
ആലപ്പുഴ 264
കോട്ടയം 620
എറണാകുളം 586
ഇടുക്കി 289
തൃശ്ശൂർ 816
പാലക്കാട് 666
മലപ്പുറം 619
കോഴിക്കോട് 489
വയനാട 252
കണ്ണൂർ 567
കാസർഗോഡ് 611

ആകെ 6201

2. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ വച്ച് ധാരണാപത്രം ഒപ്പിടും. ധനകാര്യ മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.

3. സംസ്ഥാനത്ത് വീണ്ടും മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Insurance cover for fifty thousand cattle through insurance department... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds