പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയിലുണ്ടായത്. ഭൂരിഭാഗം കർഷകരും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാൽ കൃഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കണമെന്ന ബോധവത്കരണത്തിന് ഒരുങ്ങുകയാണ് കൃഷിഭവനുകള്‍. മുണ്ടകന്‍ സീസണിലെ നെല്‍കര്‍ഷകര്‍, വേനല്‍ക്കാല പച്ചക്കറികൃഷി നടത്തുന്ന ക്ലസ്റ്ററുകള്‍ തുടങ്ങിയവര്‍ക്ക് പരിരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കൃഷിഭവനുകള്‍.
നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, പച്ചക്കറി തുടങ്ങി പ്രധാനപ്പെട്ട 25 കാര്‍ഷിക വിളകളാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ളത്.ഹെക്ടര്‍ കണക്കിന് വാഴകളും മറ്റു കാര്‍ഷിക വിളകളും പ്രളയത്തില്‍ ഇല്ലാതായി. വിരിപ്പ് കൃഷിയില്‍ 90 ശതമാനവും വെള്ളം കയറി നശിച്ചിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഹെക്ടറിന് 35000 രൂപ വരെ ലഭിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്.ഒരു വാഴയ്ക്ക് 300 രൂപ വരെ നല്‍കാനാകും.സര്‍ക്കാര്‍ കണക്കാക്കുന്നതിനേക്കാള്‍ വലിയ തുക ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക എന്നത് കര്‍ഷകര്‍ക്കും വലിയൊരു ആശ്വാസമാണ്.
കുറഞ്ഞ പ്രീമിയമാണ് കാര്‍ഷിക വിളകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് നല്‍കുന്നതിന് പലരും മടിക്കുകയാണ്..പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കാര്‍ഷിക വിളകളുടെ എല്ലാ നഷ്ടത്തിനും ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താം. പാടശേഖരങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത്തരം കര്‍ഷകര്‍ക്ക് രേഖകള്‍ ഉണ്ടാകാത്തതും തടസ്സമാകുന്നുണ്ട്. തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരഗ്രാമം പദ്ധതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്.
Share your comments