ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കനകക്കുന്നില്‍ കര്‍ഷകര്‍ക്കുള്ള ദുരന്ത നിവാരണ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കന്നുകുട്ടി പരിപാലന പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്കായി അഞ്ച് കോടി രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. പുതിയ ഹാച്ചറികള്‍ തുറക്കുന്നതിനും കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഫാമുകളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. കുടുംബശ്രീയുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പ് കേരള ചിക്കന്‍ പുറത്തിറക്കും. ഇതിനായി 250 യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. അടുത്ത മൂന്ന് വര്‍ഷത്തിനകം 5000 യൂണിറ്റുകള്‍ തുടങ്ങി ഇറച്ചി കോഴി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
കന്നുകാലികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. പശുക്കുട്ടികളെ ദത്തെടുത്ത് വളര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ നടപടിയുണ്ടാവും. രണ്ട് പാല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 48 കര്‍ഷകര്‍ക്ക് ദുരന്ത നിവാരണ ധനസഹായം കൈമാറി. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. മുരളീധരന്‍ എം. എല്‍. എ വിതരണം ചെയ്തു. പരിഷ്‌കരിച്ച മൃഗസരംക്ഷണ വകുപ്പ് മാന്വല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു പ്രകാശനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. ബാഹുലേയന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ സിസിലിയ മാര്‍ഗരറ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ
ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
Share your comments