
1. കോഴിക്കോട് ജില്ലയില്‍ തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാൻ ഇപ്പോൾ അവസരം. അപേക്ഷകള്‍ കോഴിക്കോട് സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. കടന്നല്‍ കുത്ത്, താല്‍ക്കാലിക അപകടങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ 3,500 രൂപ വച്ച് ആറാഴ്ച വരെ താല്‍ക്കാലിക സമാശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യം ബാധിക്കുന്നവര്‍ക്ക് മൂന്നര ലക്ഷം രൂപ വരെ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതൽ വിവരങ്ങൾക്ക് 88918 89720, 0495 2372666, 94462 52689 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
2. ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക്, കൂട് കൃഷി, പടുതാകുളത്തിലെ മത്സ്യകൃഷി, ഓരു ജലാശയത്തിലെ കൃഷി, എംബാങ്ക്‌മെന്റ് മത്സ്യകൃഷി എന്നിവയാണ് ഘടക പദ്ധതികള്‍. താത്പര്യമുള്ളവര്‍ മെയ് 31നകം അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി.ഒ, കമലേശ്വരം ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2450773, അല്ലെങ്കിൽ 0471-2464076 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് കാലവർഷം എത്തും മുൻപേ മഴ ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ് മഴ കനക്കുന്നതെന്നും റിപ്പോർട്ടുകൾ. വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും
തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, കൊങ്കൺ തീരം, ഗോവൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാട്ടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments