1. കേന്ദ്രസർക്കാരിന്റെ ജനപ്രിയ നിക്ഷേപങ്ങളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികൾക്ക് വേണ്ടിയുള്ള നികുതിരഹിത ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പദ്ധതിയ്ക്ക് കീഴിലുള്ള പലിശ നിരക്ക് കേന്ദ്രസർക്കാർ 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 8.2 ശതമാനം ഉയർത്തി. പോസ്റ്റ് ഓഫീസുകളിലോ, നിയുക്ത ബാങ്ക് ശാഖകളിലോ നിങ്ങൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാവുന്നതാണ്. മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപവും നടത്താം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാം. നിലവിൽ പദ്ധതിയിലെ നിക്ഷേപം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നിക്ഷേപിക്കുന്നവർക്ക് പാൻ കാർഡും ആധാർ കാർഡും നിർബന്ധമാക്കിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾ: കർഷകർക്ക് ആശ്വാസമാകാൻ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ! 50,000 രൂപ വരെ എടുക്കാം
2. പുതിയ തലമുറയെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കണമെന്ന് മന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി സംഘടിപ്പിച്ച പഠനയാത്രയിൽ മന്ത്രി പങ്കെടുത്തു. എടയാർ ഗവ. ഹൈസ്കൂൾ, മുപ്പത്തടം ഗവ. ഹൈസ്കൂൾ, മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടുങ്ങല്ലൂർ ഗവ. ഹൈ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പഠനയാത്രയിൽ പങ്കെടുത്തത്. 240 ഏക്കർ സ്ഥലത്ത് എടയാറ്റുചാൽ നെല്ലുൽപാദന സമിതി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്, കടുങ്ങല്ലൂർ കൃഷിഭവൻ എന്നിവർ സംയുക്തമായാണ് കഴിഞ്ഞ 3 വർഷമായി നെൽകൃഷി നടത്തുന്നത്. കഴിഞ്ഞ തവണ 356 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ഉമ ഇനം നെൽവിത്താണ് ഇവിടെ കൃഷി ചെയ്യുന്നത്.
3. കൊച്ചിയിലെ മെഷിനറി എക്സ്പോയിൽ മില്ലറ്റ് കൃഷിയ്ക്ക് യോജിച്ച യന്ത്രങ്ങൾ പരിചയപ്പെടുത്തി കെഎംഎസ് ഇൻഡസ്ട്രീസ്. ഏതിനം മില്ലറ്റും എന്താവശ്യത്തിനും പൊടിക്കാൻ സാധിക്കുന്ന യന്ത്രങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 0.5 എച്ച്പി മുതൽ കുറഞ്ഞ വൈദ്യുതിയിൽ സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ഗാർഹിക, വ്യാവസായിക ആവശ്യത്തിനുള്ള 80 ഇനം യന്ത്രങ്ങൾ സ്റ്റാളിലുണ്ട്. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോ നാളെ അവസാനിക്കും. 166 സ്റ്റാളുകളിലായി രാജ്യത്തുടനീളമുള്ള നൂറിലധികം മെഷീൻ നിർമാണ കമ്പനികളാണ് എക്സ്പോയിലുള്ളത്.
4. കേരളത്തിലെ കനത്ത വേനൽച്ചൂടിൽ വാടിക്കരിഞ്ഞ് കാർഷികമേഖല. നെല്ലോലകൾ കരിഞ്ഞുണങ്ങുന്നതും, വിളവെത്തുന്നതിന് മുമ്പ് തന്നെ ചെടികൾ കതിരിടുന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. സാധാരണ 32-35 ഡിഗ്രി വരെ ചൂട് താങ്ങാൻ നെൽച്ചെടികൾക്ക് സാധിക്കും. എന്നാൽ താപനില വീണ്ടും ഉയരുന്ന സാഹചര്യമാണ്. നെൽക്കൃഷിയ്ക്ക് പുറമെ, പാവൽ, പടവലം, വെള്ളരി, പശു വളർത്തൽ തുടങ്ങിയ മേഖലകളെയും കടുത്ത ചൂട് സാരമായി ബാധിക്കും.
Share your comments