കേരള സംസ്ഥാന കാര്‍ഷികവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്കമഹോത്സവം 2018 ജൂലൈ 9 മുതല്‍ 15 വരെ വയനാട്ടിലെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംസ്ഥാന ഫലമായ ചക്കയുടെ വിവിധ സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. മൂല്യവര്‍ദ്ധനം, വിപണികളുടെ ശൃംഖല എന്നിവ വികസിപ്പിക്കുക വഴി കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാനാണ് ഇത്തവണത്തെ ഫെസ്റ്റ് ഊന്നല്‍ നല്‍കുകയെന്ന് ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പി രാജേന്ദ്രന്‍ പറഞ്ഞു.
ചക്കയെ വാണിജ്യവത്ക്കരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയൊരുക്കാന്‍ ഉദ്ദേശിക്കുന്നതായും ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്‌വര്‍ക്ക് (മലേഷ്യ), സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, കാനറ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്..
വിവിധ രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ നടക്കുന്ന അന്താരാഷ്ട്ര പരിപാടി ചക്കയുടെ മൂല്യവര്‍ദ്ധനം, പ്രോസസ്സിംഗ്, വിപണന സാധ്യതകള്‍ എന്നിവയുടെ രൂപീകരണത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
' സാങ്കേതികവിദ്യ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനും ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആറ് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയമാണ് മേളയുടെ പ്രധാന ആകര്‍ഷണം. ശ്രീലങ്ക, മലേഷ്യ, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള 14 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ചക്കയില്‍ നിന്നും ലഭിക്കുന്ന നൂതന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ 120 പ്രദര്‍ശനസ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ, ജില്ലകളിലെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് തുറന്ന വിപണിയും, സെമിനാറുകളും, പൊതുജനങ്ങള്‍ക്കായി മത്സരങ്ങളും, സ്ത്രീകള്‍ക്കായുള്ള സൗജന്യ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
Share your comments