പൂക്കളുടെ വസന്തമൊരുക്കി അന്താരാഷ്ട്ര ഓര്‍ക്കിഡ് മഹോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാന കൃഷി വകുപ്പും, കാര്‍ഷിക സര്‍വകലാശാലയും, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായിട്ടാണ് അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രത്തില്‍ ഓര്‍ക്കിഡ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജൈവ വൈവിധ്യ പരിപാലനത്തിനും, ആരോഗ്യപരിപാലനത്തിനും, പരിസ്ഥിതി സംരക്ഷണത്തിലും ഓര്‍ക്കിഡ് പൂക്കളുടെ പ്രാധാന്യം ആദ്യദിനം സാങ്കേതിക സെമിനാറില്‍ ചര്‍ച്ചയായി. ഓര്‍ക്കിഡ് പൂ കൃഷിയിലെ സാധ്യതകള്‍ നാം വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. വയനാട്ടില്‍ നിലവിലുളള ഓര്‍ക്കിഡ് പൂകൃഷിക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് ഇതിലൂടെ വരുമാനം ഉറപ്പ് വരുത്തുവാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഓര്‍ക്കിഡ് സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫസര്‍ എ.കെ.ഭട്ട്നഗര്‍, സെക്രട്ടറി പ്രെമീലാ പഥക്, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള ഓഫീസര്‍ എസ്.കെ. രമേശ്, ഡോ. ടി.ജെ ജാനകി റാം ഐ.സി.ആര്‍ ഡല്‍ഹി, ഡോ. പി.കെ രാജീവന്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറും, ഓര്‍ക്കിഡ് സൊസൈറ്റി ട്രഷററുമായ പ്രേം. എല്‍ ഉണ്യാല്‍ എന്നിവര്‍ സാങ്കേതിക സെമിനാറിന് നേതൃത്വം നല്‍കി.
കേരള ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികളെക്കുറിച്ച് എസ്.കെ രമേശ്, പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡുകളെ കുറിച്ച് ഡോ.വില്യംഡിക്രൂസ്, ഗോവയിലെ ഓര്‍ക്കിഡ് ജൈവ വൈവിധ്യത്തെക്കുറിച്ച് ഡോ.ജീവന്‍ സിങ് ജലാല്‍, സൗത്ത് ഗുജറാത്തിലെ ഓര്‍ക്കിഡ് സവിശേഷതകളെ കുറിച്ച് ഡോ. രാജശേഖര്‍ ഇങ്കഹള്ളി, പശ്ചിമ ഘട്ടത്തിലെ ഓര്‍ക്കിഡ് വൈവിധ്യങ്ങളെ കുറിച്ച് ടി.എന്‍. സിബിനും, കുടക് മേഖലകളിലെ ഓര്‍ക്കിഡ് വൈവിധ്യങ്ങളെ കുറിച്ച് ഡോ. എം. ജയദേവ ഗൗഡയും സാങ്കേതിക സെമിനാറില്‍ സംസാരിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് 18 ന് അവസാനിക്കും.
Share your comments