News

ബൗദ്ധിക സ്വത്തവകാശം -കര്‍ഷകര്‍ക്ക് താങ്ങായി ഡോക്ടര്‍ എല്‍സി

Courtesy Civilsocietyonline.com

ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്ത കര്‍ഷകര്‍ക്ക് ആശ്വാസവും താങ്ങുമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഐപിആര്‍ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍.സി.ആര്‍.എല്‍സി. 12 പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കാനും എട്ട് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവി നേടിക്കൊടുക്കാനും എല്‍സിക്ക് സാധിച്ചു. ഇതിനുള്ള അംഗീകാരമായിരുന്നു കൃഷി വകുപ്പിന്റെ 2019ലെ കൃഷി വിജ്ഞാന്‍ പുരസ്‌ക്കാരം. 25,000 രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌ക്കാരം സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ എല്‍സി ഏറ്റുവാങ്ങി.

 

ചെങ്ങാലിക്കോടന്‍ ഏത്തന്‍,നെല്ലിനങ്ങളായ പൊക്കാളി, കൈപ്പാട്, ജീരകശാല,ഗന്ധകശാല, വാഴക്കുളം പൈനാപ്പിള്‍,തിരുവിതാംകൂര്‍ ശര്‍ക്കര,തിരൂര്‍ വെറ്റില,അട്ടപ്പാടി തുവര,അട്ടപ്പാടി അമര,കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി, നിലമ്പൂര്‍ തേക്ക്, കുറ്റിയാട്ടൂര്‍ മാങ്ങ, മറയൂര്‍ ശര്‍ക്കര,എടയൂര്‍ മുളക് എന്നിവയാണ് ഇത്തരത്തില്‍ നേട്ടം കൈവരിച്ചതും പരിഗണനയിലുള്ളതുമായ ഇനങ്ങള്‍.

 

കര്‍ഷകരെ ഒന്നിച്ചു ചേര്‍ത്ത് ഐപിആറിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി, അവരുടെ സമിതികള്‍ ഉണ്ടാക്കിയാണ് ഐപിആര്‍ അപേക്ഷകള്‍ നല്‍കുക. ഇതിനുള്ള എല്ലാ സഹായവും ഐപിആര്‍ സെല്‍ നല്‍കും. ലക്ഷങ്ങള്‍ ഫീസായി വാങ്ങുന്ന ഐപിആര്‍ വക്കീലന്മാരുടെ സഹായം തേടാന്‍ സര്‍വ്വകലാശാലയ്‌ക്കോ കര്‍ഷക സമിതികള്‍ക്കോ കഴിയില്ല എന്നതിനാല്‍ നിയമവും ശാസ്ത്രവും സാങ്കേതികത്വവുമെല്ലാം എല്‍സി പഠനത്തിലൂടെ ആര്‍ജ്ജിച്ച് സ്വന്തം ശ്രമത്തിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ ശ്രമങ്ങള്‍ക്ക് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയുടെ 18 പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌ക്കാരങ്ങളും ലഭിക്കുകയുണ്ടായി. 2018ല്‍ കേന്ദ്ര വാണിജ്യകാര്യ-വ്യവസായ മന്ത്രാലയത്തിന്റെ മികച്ച ജിഐ ഫെസിലിറ്റേഷന്‍ ആന്റ് രജിസ്‌ട്രേഷന്‍ സ്ഥാപനമെന്ന പുരസ്‌ക്കാരവും കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നേടാന്‍ എല്‍സിയുടെ ശ്രമങ്ങള്‍ ഉപകരിച്ചു.

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ഹൈബ്രിഡ് റൈസ് ബ്രീഡില്‍ ഡോക്ടറേറ്റ് നേടിയ എല്‍സിക്ക് കേരള സര്‍ക്കാരിന്റെ യംഗ് സയന്റിസ്റ്റ് പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.


English Summary: IPR-Elsy to support farmers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine