കാർഷിക വകുപ്പിൻ്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിൻ്റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിൻ്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിൻ്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകൾ. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ചക്കയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനൊപ്പം ചക്ക ഗവേഷണത്തിനായും സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി വയനാട് അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ഇതോടൊപ്പം ചക്കയെ ജനപ്രിയമാക്കാൻ വേണ്ടി സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും ചക്ക ഉത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം.
Share your comments