News

ജമ്മു&കശ്മീര്‍ നിക്ഷേപകര്‍ക്കായി വാതിലുകള്‍ തുറക്കുന്നു

പ്രീസമ്മിറ്റ് കര്‍ട്ടന്‍ റേസര്‍

6000 ഏക്കര്‍ ഭൂമി വ്യാവസായികാവശ്യങ്ങള്‍ക്കായി ഏറ്റെടുത്തുകൊണ്ടാണ് ജമ്മു& കശ്മീര്‍ യൂണിയന്‍ ടെറിട്ടറി ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. ഒരിക്കല്‍ സഞ്ചാരികളുടെ പറുദീസയായിരുന്ന ജമ്മു-കശ്മീര്‍ കലാപഭൂമിയായി മാറിയതോടെ പ്രദേശത്തെ ജനത ദുരന്തത്തിലായിരുന്നു. ആര്‍ട്ടിക്കിള്‍ -370 ഭരണഘടനയില്‍ നിന്നും നീക്കിയതോടെ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

242.25 ഏക്കര്‍ മാത്രമായിരുന്നു ഇതുവരെ ജമ്മു-കശ്മീരിലെ വ്യവസായികാവശ്യത്തിനുള്ള ഭൂമി. അതാണ് ഇപ്പോള്‍ ആറായിരം ഏക്കറായി ഉയര്‍ത്തിയത്. മള്‍ട്ടിപ്ലെക്‌സുകളും പ്രോസസിംഗ് യൂണിറ്റുകളും ഫുഡ്പാര്‍ക്കുകളും ഫിലിം പ്രൊഡക്ഷന്‍ കേന്ദ്രങ്ങളും സ്‌കൂളുകളും ഐടി പാര്‍ക്കുകളും മെഡിക്കല്‍ കോംപ്ലക്‌സുകളും നിക്ഷേപകര്‍ക്കായി ഒരുങ്ങുന്നുണ്ട്.

ഫിലിം ടൂറിസം,ഹോര്‍ട്ടികള്‍ച്ചര്‍,പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ്,അഗ്രോ ആന്റ് ഫുഡ് പ്രോസസിംഗ് ,പാല്‍,കോഴിവളര്‍ത്തല്‍,ഫിഷറീസ്,കമ്പിളി നിര്‍മ്മാണം,ഹെര്‍ബല്‍ ആന്റ് മെഡിസിനല്‍ പ്ലാന്റ്‌സ് ,കൃഷി, സില്‍ക്കിനായുളള മള്‍ബറി ഉത്പ്പാദനം,ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്,മാനുഫാക്ചറിംഗ്,ഐടി,ഐടിഇഎസ്,ഇന്‍ഫ്രാസ്ട്രക്ചര്‍,റിയല്‍ എസ്‌റ്റേറ്റ്, റെന്യൂവബിള്‍ എനര്‍ജി,വിദ്യാഭ്യാസം ,സ്‌കില്‍ ഡവലപ്‌മെന്റ് എന്നിവയാണ് പ്രധാന സെക്ടറുകള്‍.

ആപ്പിള്‍,വാള്‍നട്ട്, ചെറി,ബദാം, കുങ്കുമം,ബെറികള്‍,ഫിഗ്‌സ്,ബസ്മതി അരി എന്നിങ്ങനെ അനന്തസാധ്യതകളുളള കൃഷികളുടെ ഇടമാണ് ജമ്മു-കശ്മീരെന്ന് പ്ലാനിംഗ്,ഡവലപ്‌മെന്റ് മോണിറ്ററിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് നിക്ഷേപകര്‍ക്കായി ജമ്മു-കശ്മീറിന്റെ ഭൂമി തുറന്നുകിട്ടുന്നത്. ഭരണകൂടം വലിയ പ്രതീക്ഷയിലാണ്. 2020 മേയിലാവും നിക്ഷേപക സമ്മിറ്റ് ശ്രീനഗറില്‍ നടത്തുന്നത്. ജമ്മു-കശ്മീരിനെ ഒരു നിക്ഷേപക സൗഹൃദ ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍.സുബ്രമണ്യം പറഞ്ഞു. ഇതുവഴി പരമാവധി തൊഴിലവസങ്ങള്‍ സൃഷ്ടിക്കുക എന്നതും പ്രദേശത്തിന്റെ സാമ്പത്തിക വികസനവുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 9 വരെ ബംഗലൂരു,കൊല്‍ക്കൊത്ത,മുംബയ്,ഹൈദരാബാദ്,ചെന്നൈ,അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയിലും പ്രധാന സമ്മേളനത്തിലും വിവിധ മേഖലകളിലെ നിക്ഷേപത്തിനുളള ധാരണാപത്രങ്ങള്‍ ഒപ്പിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കശ്മീരില്‍ 115.5 ഏക്കറിലായി 439 വ്യവസായ യൂണിറ്റുകളും ജമ്മുവില്‍ 126.75 ഏക്കറിലായി 415 യൂണിറ്റുകളുമാണുള്ളത്. 18 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളിലൂടെ 1250 ഏക്കര്‍ ഭൂമി ഇതിനകം അധികമായി ഏറ്റെടുത്തിട്ടുണ്ട്.

30 വര്‍ഷമായി ആകെയുള്ള 14 സിനിമ തീയറ്ററുകളും അടഞ്ഞുകിടക്കുന്ന കശ്മീരില്‍ 30 സിനിമ സ്‌ക്രീനുകള്‍ പുതുതായി ആരംഭിക്കാന്‍ സമ്മിറ്റ് ലക്ഷ്യമിടുന്നു. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പുഷ്ടമായ കശ്മീര്‍ ഒരുകാലത്ത് സിനിമ ഷൂട്ടിംഗുകളുടെ കേന്ദ്രമായിരുന്നു. സിനിമ നിര്‍മ്മാണത്തിന്റെ പ്രധാന ഹബ്ബാക്കി കശ്മീരിനെ തിരിച്ചുകൊണ്ടുവരുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

നിക്ഷേപസാധ്യതയുള്ള പ്രധാന മേഖലകളായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് ആരോഗ്യം,ടൂറിസം,ഐടി,ഫുഡ് പ്രോസസിംഗ്,വിദ്യാഭ്യാസം,സ്‌കില്‍ ഡവലപ്‌മെന്റ്, വ്യവസായം എന്നിവയാണ്. 14 ഫോക്കസ് സെക്ടറുകളിലായി 40 പദ്ധതികള്‍ എന്നതാണ് സമ്മിറ്റിന്റെ ടാര്‍ജറ്റ്. ജമ്മു-കശ്മീരിലെ ഉന്നത വിദ്യാഭ്യാസ എന്റോള്‍മെന്റ് റേഷ്യോ 30.9 ശതമാനമാണെന്നിരിക്കെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം പ്രത്യേക താത്പര്യ മേഖലയാണ്. സര്‍ക്കാര്‍ വലിയ കണ്‍സഷനുകളാണ് വിദ്യാഭ്യാസമേഖലയിലെ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉല്‍പ്പെടെ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അധികം വൈകാതെ നീക്കുമെന്ന് ബംഗലൂരുവിലെ റോഡ് ഷോയില്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഉപദേശകന്‍ കേവല്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. ജമ്മു-കശ്മീര്‍ ട്രേയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ഏണ്‍സ്റ്റ് ആന്റ് യംഗും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും ചേര്‍ന്നാണ് സമ്മിറ്റ് ഒരുക്കങ്ങള്‍ നടത്തുന്നത്.


English Summary: J&K opens doors to investors

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine