സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ചു നടത്തിയ “ജ്വാല 2020’ വനിതാസംഗമം മന്ത്രി കെ കെ ശൈലജ ഉദ്‌ഘടാനംചെയ്തു. സമ്പൂർണ പാൽ ഉൽപ്പാദന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതോടെ വർധിച്ചുവരുന്ന പോഷകാഹാരക്കുറവിന് പരിഹാരമാകും. കുഞ്ഞുങ്ങൾക്ക് കുറഞ്ഞ ചെലവിൽ പാൽ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു..സംസ്ഥാനത്ത് പലയിടത്തും പോഷകാഹാര കുറവുണ്ട്. പാൽ ഉത്പാദനം വർധിപ്പിച്ചാൽ ഉത്പാദിപ്പിക്കുന്ന വീടുകളിൽ ചെറിയ അളവിൽ പാൽ ഉപയോഗിക്കും. ഇത് പോഷകാഹാര കുറവ് പരിഹരിക്കാൻ സഹായിക്കുമെന്നു മന്ത്രി പറഞ്ഞു.പോഷകാഹാരം കൂടുതൽ കഴിച്ച് ആരോഗ്യത്തോടെയിരുന്നാൽ രോഗപ്രതിരോധശേഷി കൂടും. എങ്കിൽ പല രോഗങ്ങളെ തടയാനാകും.ജീവിതമാർഗം എന്നതിനൊപ്പം കന്നുകാലിവളർത്തൽ സാമൂഹികപ്രവർത്തനംകൂടിയാണ്. കന്നുകാലികളെ ശാസ്ത്രീയമാർഗങ്ങളിലൂടെ വളർത്തണമെന്നും മന്ത്രി പറഞ്ഞു.
കൃതൃമ കാലിത്തീറ്റയിൽ ആന്‍റിബയോട്ടിക് ചേർക്കുന്നുണ്ട്. അത്തരം കാലിത്തീറ്റ കഴിക്കുന്ന പശുവിന്‍റെ പാല് കുടിച്ചാലും ഇറച്ചി കഴിച്ചാലും വേറെ രോഗം വന്നാൽ ആന്‍റിബയോട്ടിക് കഴിച്ചാലും അസുഖം മാറാത്ത അവസ്ഥവരും. രോഗം വന്ന് ആന്‍റിബയോട്ടിക് മരുന്നു നൽകുന്നവേളയിൽ പശുവിന്‍റെ പാൽ വിതരണംചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി.
വനിതാ ക്ഷീരകർഷക സർവേ റിപ്പോർട്ട് മന്ത്രി കെ കെ ശൈലജ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ടി എൻ സീമയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. രാജശ്രീ വാര്യർ മുഖ്യാതിഥിയായിരുന്നു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ശാലിനി ഗോപിനാഥ്, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു ആർ ഹീബ തുടങ്ങിയവർ സംസാരിച്ചു. സൈബർ ഇടങ്ങളിലെ സ്‌ത്രീസുരക്ഷ എന്ന വിഷയത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ ഡിവൈഎസ്‌പി ഇ എസ് ബിജുമോനും ജീവിതചര്യയും സമയക്രമീകരണവും എന്ന വിഷയത്തിൽ വെള്ളായണി കാർഷിക സർവകലാശാല അസോ. പ്രൊഫസർ ഡോ. ജി കെ ബേലയും ക്ലാസെടുത്തു. വിവിധ ജില്ലകളിലെ വനിതാ ജനപ്രതിനിധികളെ സംഗമത്തിൽ ആദരിച്ചു
Share your comments