നമുക്ക് അരിയെവിടുന്നാ കിട്ടുന്നതെന്ന ടീച്ചറുടെ ചോദ്യത്തിന് 'കവലേലെ ചേട്ടന്റെ കടേന്ന്' എന്നു മറുപടി പറഞ്ഞ കുരുന്നുകള്‍ക്ക് കൃഷിപാഠം പകര്‍ന്നു നല്‍കാനാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളില്‍ കരനെല്‍ കൃഷി തുടങ്ങിയത്. അദ്ധ്യാപകരും കുട്ടികളും ഒരേ മനസ്സോടെ മണ്ണിലേക്കിറങ്ങിയതിന്റെ ഫലമായി സ്‌കൂളിലെ 45 സെന്റ് ഭൂമിയില്‍ നെല്‍ക്കതിരുകള്‍ സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞു നില്‍ക്കുന്നു. നിലമൊരുക്കുന്നതും വിത്തിറക്കുന്നതും വളമിടുന്നതും എങ്ങനെയാണെന്ന് അനുഭവപാഠത്തിലൂടെ പഠിക്കുകയാണ് മുടിയൂര്‍ക്കര സ്‌കൂളിലെ എഴുപതോളം കുട്ടികള്‍. വാര്‍ഡ് മെമ്പര്‍ എല്‍സമ്മ വര്‍ഗ്ഗീസിലെ നേത്യത്വത്തിലാണ് വിത്തിറക്കിയത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 15 കിലോ ' ഉമ' നെല്‍വിത്ത് സൗജന്യമായിട്ടാണ് സ്‌കൂളിന് നല്‍കിയതെന്ന് പ്രഥാന അധ്യാപിക സിന്ധു ടീച്ചര്‍ പറഞ്ഞു. 'വിത്തിറക്കിയതു മുതല്‍ കുട്ടികള്‍ വളരെ ആവേശത്തിലാണ്. രാവിലെ സ്‌കൂളിലെത്തിയാലുടന്‍ കുട്ടിക്കൂട്ടം കൃഷിയിടത്തിലേക്ക് ഓടും. പിന്നെ നനയ്ക്കലും കളപറിക്കലും പാട്ടകൊട്ടി കിളി കളെ ഓടിക്കലും ഒക്കെയായി ആകെ ഒരു ബഹളമാണ്. പി ടി എ യുടെ പൂര്‍ണ്ണ സഹകരണമാണ് കരനെല്‍ കൃഷി വിജയമായി മാറ്റാന്‍ സാധിച്ചതെന്നും ടീച്ചര്‍ പറഞ്ഞു. കുമരകം നെല്ല് ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി പ്രൊഫസര്‍ വി.എസ് ദേവിയാണ് കുട്ടി കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
സ്‌കൂള്‍ വളപ്പിലെ കിണറ്റില്‍ നിന്നുമാണ് ജലസേചനം നടത്തുന്നത്. ജൂണ്‍ 25നാണ് വിത്തിറക്കിയത്. 80-ാം പക്കം കതിരിട്ടു. പ്രളയക്കെടുതിയില്‍ ജില്ലയിലാകെ നെല്‍കൃഷി നാശമുണ്ടായപ്പോഴും ഒരു കതിരു പോലും പാഴാകാതെ നില്‍ക്കുന്നു മുടിയൂര്‍ക്കര സ്‌കൂളിലെ നെല്‍പ്പാടം. പ്രളയത്തിനു ശേഷമുണ്ടായ കനത്ത ചൂടില്‍ കിണറ്റിലെ വെള്ളം വറ്റിപ്പോകുമെന്ന ആശങ്കയിലാണ് സ്‌കൂളിലെ കൃഷിക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മേരിക്കുട്ടി ടീച്ചര്‍. 'ഇതുവരെ വറ്റിയിട്ടില്ലാത്ത കിണറാണ് ഞങ്ങളുടെ പ്രതീക്ഷ. കുട്ടിക്കൂട്ടങ്ങള്‍ക്ക് കൊയ്ത്തുത്സവത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെങ്കില്‍ കനത്ത വേനലിനെ പ്രതിരോധിച്ചും കതിരുകള്‍ വിടര്‍ന്നു നില്‍ക്കണം. അതിനു കിണറ്റിലെ വെള്ളം വറ്റാതെയിരിക്കണം.' ടീച്ചറിന്റെ ആശങ്കകള്‍ ഒഴിയുന്നില്ല. പ്രകാശ് മുരളിയെന്നു പേരുള്ള നെല്ലിമരവും ഷാല്‍സിയ എന്ന റംബൂട്ടാനും അജോ ജോസ് എന്നറിയപ്പെടുന്ന അല്‍ഫോണ്‍സാ മാവും തുടങ്ങി ഒട്ടനവധി പിറന്നാള്‍ മരങ്ങള്‍ കടന്ന് പൂത്തുമ്പി ജൈവ ഉദ്യാനത്തിനരികില്‍ നിന്നാല്‍ താഴേ തട്ടിലെ കൃഷിയിടത്തില്‍ പൊന്‍കതിരുകള്‍ വിളഞ്ഞു നില്‍ക്കുന്നതു കാണാം. പുതുതലമുറയുടെ പ്രതീക്ഷകളുടെ പൊന്‍ കതിരുകള്‍.
(കെ.ഐ.ഒ.പി.ആര്‍-2090/18)
Share your comments