കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നല്‍കുന്ന കർഷകശ്രീ പുരസ്കാരത്തിന് പാലക്കാട് കമ്പാലത്തറ കന്നിമാരി താഴത്ത് വീട്ടിൽ കെ. കൃഷ്ണനുണ്ണി (53) അർഹനായി.മമൂന്നു ലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. പാലക്കാട് ജനുവരിയിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ പുരസ്കാരം വിതരണം ചെയ്യും. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരത്തിന്റെ പതിനഞ്ചാമത് ജേതാവാണ് ‘കർഷകശ്രീ 2020’ ന് അർഹനായ കെ. കൃഷ്ണനുണ്ണി.
ഭക്ഷ്യവിളകൾക്ക് ഊന്നൽ നൽകിയുള്ള കൃഷിരീതി, ജലം ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കുന്നതിലുള്ള കരുതൽ, കൃഷിയിടത്തിലെ സമ്പന്നമായ ജൈവ വൈവിധ്യം, കൃഷി യിലൂടെ നേടുന്ന സുസ്ഥിര വരുമാനം എന്നിവ കൃഷ്ണനുണ്ണിയുടെ സവിശേഷ മികവുകളായി വിധി നിർണയസമിതി ചൂണ്ടിക്കാട്ടി. ആറേക്കർ നെൽകൃഷി ഉൾപ്പെടെ പതിനെട്ടേക്കർ വരുന്ന സമ്മിശ്ര കൃഷിയിടമാണ് കൃഷ്ണനുണ്ണിക്കുള്ളത്. നെല്ലറയെന്നു വിശേഷിപ്പിക്കുന്ന പാലക്കാട് ജില്ലയിൽപോലും നെൽകൃഷി കുറയുന്ന സാഹചര്യത്തിൽ, മുടങ്ങാതെ നെല്‍കൃഷിയിറക്കി ആണ്ടിൽ ആറു ലക്ഷത്തോളം രൂപ വരുമാനം നേടുന്നു ഈ കർഷകൻ.
Share your comments