സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷക വനിതയ്ക്കുള്ള പുരസ്‌ക്കാരമായ കര്‍ഷക തിലകം കുമളി ചക്കാലക്കല്‍ ബിന്‍സി ജയിംസും കാസര്‍ഗോഡ് മോഗ്രാല്‍പുത്തൂര്‍ കുളങ്ങാടില്‍ ഖദീജ മുഹമ്മദും പങ്കുവച്ചു. അന്‍പതിനായിരം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌ക്കാരം 2019 ഡിസംബര്‍ 9ന് ആലപ്പുഴ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും രണ്ടുപേരും ഏറ്റുവാങ്ങി.
ഒന്നര ഏക്കര്‍ സ്ഥലത്ത് പച്ചക്കറി,കന്നുകാലികള്‍,മത്സ്യം,കോഴി എന്നിവയെ വളര്‍ത്തിയാണ് ബിന്‍സി ഈ നേട്ടം കൈവരിച്ചത്. ജൈവവളത്തിന്റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്.എട്ടുവര്‍ഷം മുന്‍പാണ് ബിന്‍സിയും കുടുംബവും പച്ചക്കറി കൃഷിയിലിറങ്ങിയത്. സ്‌കൂളില്‍ നിന്നും കൊണ്ടുവന്ന വിത്തില്‍ നിന്നും കിട്ടിയ ആദായമാണ് ഇതിന് പ്രേരണയായത്. കട്ടപ്പനയിലെ പത്ത് സെന്റ് ഭൂമി കൃഷിക്ക് പോരാതെ വരും എന്നു തോന്നിയതിനാലാണ് കുമളിയിലേക്ക് മാറി രണ്ടേക്കര്‍ പാട്ടത്തിനെടുത്ത് സീരിയസായ കൃഷി തുടങ്ങിയത്.ഇപ്പോള്‍ ബീന്‍സ്,വെണ്ട,തക്കാളി,പയര്‍,കോവ,ചീര,മാലി മുളക്,ചോളം എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.പച്ചക്കറിക്ക് പുറമെ മീന്‍വളര്‍ത്തലും തേനീച്ചകൃഷിയുമുണ്ട് ബിന്‍സിക്ക്.ആഴ്ചയില്‍ രണ്ട് ദിവസം വിളവെടുക്കുന്ന ബിന്‍സി ശീതികരിച്ച പച്ചക്കറി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. എറണാകുളത്ത് ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രാദേശിക കച്ചവടം. ഭര്‍ത്താവ് ജയിംസും മുഴുവന്‍ സമയം ബിന്‍സിയെ സഹായിക്കുന്നുണ്ട് കൃഷിയില്‍. 2019 ല്‍ കാര്‍ഡ്‌സ് ജൈവശ്രീ പുരസ്‌ക്കാരവും ബിന്‍സിക്ക് കിട്ടിയിരുന്നു. സരോജിനി ദാമോദരന്‍ അക്ഷയശ്രീ പ്രോത്സാഹന സമ്മാനവും ലഭിച്ചിട്ടുള്ള ബിന്‍സി ജൈവകൃഷിയെകുറിച്ച് ക്ലാസെടുക്കുന്ന നല്ലൊരധ്യാപിക കൂടിയാണ്.
രണ്ടേക്കര്‍ സ്ഥലത്ത് തെങ്ങ്,വാഴ,ഇഞ്ചി,മഞ്ഞള്‍,പച്ചക്കറി എന്നിവ കൃഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയുമാണ് ഖദീജ പുരസ്‌ക്കാരത്തിന് അര്‍ഹയായത്. ശാസ്്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്ന ഖദീജ വിപണിയുടെ ചലനങ്ങള്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ സംസ്‌ക്കരിച്ച് വില്‍പ്പനയും നടത്തുന്നു.
Share your comments