നാടിന്റെ സമഗ്ര മുന്നേറ്റത്തിനായി വേറിട്ട മാതൃക കാഴ്ചവെച്ച് മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ രൂപവത്കരിച്ച 'കരുതലിടം' കൂട്ടായ്മയാണ് വികസനപ്രവർത്തനങ്ങൾക്ക് കരുത്താവുന്നത്. ഫെബ്രുവരിയിലാണ് കൂട്ടായ്മ നിലവിൽ വന്നത്. ചുരുങ്ങിയ കാലയളവിൽ വാർഡിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന നിരവധി പരിപാടികൾ ഇവർ ആവിഷ്കരിച്ചു നടപ്പാക്കിക്കഴിഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകുട്ടി പരിപാലനം, ഗോവര്‍ധിനി പദ്ധതികൾ ജില്ലയില്‍ നടപ്പാക്കി
കേന്ദ്ര, സംസ്ഥാന, തദ്ദേശ പദ്ധതികൾക്ക് പുറമെ സാമൂഹിക- ആരോഗ്യ- ക്ഷേമ-വികസന രംഗങ്ങളിൽ സമഗ്ര മുന്നേറ്റം എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
പൊതുജന പങ്കാളിത്തത്തോടെ മാത്രമേ ഇതു സാധ്യമാകൂ എന്നാണ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി പറയുന്നത്. ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ എല്ലാവരും കരുതലിടം കൂട്ടായ്മയിൽ പങ്കാളികളാണ്. അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ എ.ഡി.എസ് സി.ഡി.എസ് അംഗങ്ങൾ, പ്രദേശത്തെ കലാകായിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി സമഗ്ര മേഖലകളിൽ നിന്നുമുള്ള പൊതുജന പിന്തുണയോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒന്നാം വാർഡിലാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും എല്ലാ വാർഡുകളിലും കൂട്ടായ്മ രൂപീകരിക്കുകയാണ് ലക്ഷ്യം. കരുതലിടത്തിന്റെ നേതൃത്വത്തിൽ നപ്പാക്കിയ ചില പദ്ധതികളാണ് ഇനി പറയുന്നവ.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒന്നാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളെ ആദരിച്ചു. സാമൂഹിക സുരക്ഷാ ദൗത്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമെന്ന നിലയിലാണ് കുടുംബശ്രീ അംഗങ്ങളെ ആദരിച്ചത്. ഒപ്പം വനിതാദിനത്തിൽ വനിതകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നൂറോളം വനിതകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കേരള പോലീസ് സെൽഫ് ഡിഫൻസ് ടീമിന്റെ സഹകരണത്തോടെ വാർഡിലെ പെൺകുട്ടികൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും മാനസിക-ശാരീരിക കരുത്ത് വർധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി. ഷീന, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജുഷ, ഫസീല എന്നിവരാണ് 12 ആഴ്ച നീണ്ടുനിന്ന ക്ലാസുകൾ നയിച്ചത്.
പാലാഴിയിലെ സ്വകാര്യ ക്ലിനിക്കും കരുതലിടം കമ്മിറ്റിയും സംയുക്തമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായിരുന്നു.ക്യാമ്പിൽ മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി ലഭ്യമാക്കി. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ സേവനം നാട്ടുകാർ പൂർണമായും ഉപയോഗപ്പെടുത്തി.
കരുതലിടം കമ്മിറ്റി നടപ്പാക്കുന്ന സമഗ്ര ബാലവികസന പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ഒളവണ്ണ ജി.എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍
കുട്ടികളിൽ കാണപ്പെടുന്ന വിളർച്ച, ദന്തരോഗം പോലെയുള്ള രോഗങ്ങളുടെ നിർണയവും പരിഹാരം കാണലുമായിരുന്നു ലക്ഷ്യം. ക്യാമ്പിൽ സൗജന്യമായി വിദ്യാർഥികളുടെ രക്തഗ്രൂപ്പ് നിർണയം നടത്തുകയും കുട്ടികൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യുകയുമുണ്ടായി. കുട്ടികളുടെ ശരീരവും ആരോഗ്യവും എന്ന വിഷയത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധർ ക്ലാസെടുത്തു.
പ്രദേശത്തെ ഒരു വാട്സാപ്പ് കൂട്ടായ്മയുമായി സഹകരിച്ച് ഇരിങ്ങല്ലൂർ ഗവ. എൽ.പി സ്കൂളിലെ അർഹരായ 50 കുട്ടികൾക്ക് കരുതലിടം കമ്മിറ്റി നോട്ടുബുക്കുകൾ വിതരണം ചെയ്തു.
കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി
കരുതലിടം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ 'കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി' പദ്ധതി ഇരിങ്ങല്ലൂർ ജി.എൽ.പി സ്കൂളിൽ നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കുട്ടികളിൽ സഹജീവിസ്നേഹം, സഹാനുഭൂതി എന്നിവ വളർത്തുക, കോഴി വളർത്തുരീതികൾ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടിയും വൻ വിജയമായിരുന്നു.
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയതിനാൽ അതിനായി ഒരു ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം കുട്ടികൾ ക്യാമ്പിലൂടെ ആധാർകാർഡിന് അപേക്ഷ നൽകി.
പ്രദേശത്തെ സ്വകാര്യ സ്കൂളുമായി സഹകരിച്ച് 'നല്ല രക്ഷകർതൃത്വം' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്താൻ കമ്മിറ്റി പദ്ധതിയിടുന്നു. കുട്ടികളുടെ വളർച്ച, ബുദ്ധിവികാസം എന്നിവയെക്കുറിച്ചും കുട്ടികളെ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചും മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കാനും മറക്കുന്നില്ല കരുതലിടം. നാടിനും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ പരിപാടികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് കരുതലിടം.
Share your comments