1. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടകീഴിൽ ലഭ്യമാക്കാൻ കൃഷിവകുപ്പിന്റെ കതിർ ആപ്പ് ഒരുങ്ങുന്നു. വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും സംസ്ഥാന കൃഷി വകുപ്പു തയാറാക്കിയ ‘കതിർ ആപ്’ (KATHIR) ഇന്ന്, നിലവിൽ വരും. കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’ (KATHIR). കർഷകർക്കു നേരിട്ടു കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും കതിർ ആപ് ഉപയോഗപ്രദമാണ്. കാലാവസ്ഥാ വിവരങ്ങൾ, കാർഷിക പദ്ധതി വിവരങ്ങൾ, മണ്ണു പരിശോധനാസംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം തുടങ്ങിയവയായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. കർഷകർക്ക് വകുപ്പുതല സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനായി നിലവിലുള്ള എയിംസ്–AIMS പോർട്ടലിന്റെ സേവനങ്ങൾ ഭാവിയിൽ കതിർ പോർട്ടലുമായി ലയിപ്പിക്കാനും സാധ്യതയുണ്ട്.
2. സംസ്ഥാനതല കർഷകദിന ഉദ്ഘാടനവും 2023 ലെ കർഷക അവാർഡ് വിതരണവും കൃഷിവകുപ്പിന്റെ കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ്പിന്റെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 4 മണിക്ക് നിയമസഭ കോപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിന് കൃഷിമന്തി പി. പ്രസാദ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ള നൂതന സംരംഭമായ 'അനുഭവം', ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ള വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിലൂടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നവോത്ഥാൻ, വിവിധ കാർഷിക പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും സുതാര്യവുമാക്കാനും പൊതുജനങ്ങൾക്ക് ലൈവായി കാണുവാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'വെളിച്ചം' എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.
3. സംസഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാല ഉണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Share your comments