
1. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇൻസെന്റീവ് അനുവദിക്കണമെന്ന അപേക്ഷ ലഭിച്ചതിന് പിന്നാലെ തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘങ്ങൾ വഴി നേരിട്ട് ക്ഷേമപെൻഷൻ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് അനുവദിക്കുന്നു. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽ നിന്നാണ് വിതരണം ചെയ്യുന്നത്.
2. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം, പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു. മെയ് 15-ാം തീയതിയാണ് പരീശീലനപരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 85470 70773, അല്ലെങ്കിൽ 0487-2370 773 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ആന്‍ഡമാന്‍ കടലിൽ ഇത്തവണ കാലവര്‍ഷം നേരത്തേയെത്തിയതിനെത്തുടര്‍ന്നാണ് കേരളത്തിലും നേരത്തെ മഴ ശക്തമാകുന്നതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതേതുടർന്ന് ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാതീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Share your comments