കേരള കാര്‍ഷിക സര്‍വ്വകലാശാലയും യുകെ ആസ്ഥാനമായുള്ള മോണ്‍ഡെലസ് ലിമിറ്റഡും (Mondelez R & D Ltd.) തമ്മിലുള്ള കൊക്കോ കൃഷിയിലെ പങ്കാളിത്തം പുതുക്കുന്നു. കൊക്കോ കൃഷിയിലെ സംരംഭകത്വത്തിലും ഗവേഷണത്തിനും വികസനത്തിനും കൂടുതല്‍ സഹായകമായ ഈ പദ്ധതി 1987 ലാണ് ആരംഭിച്ചത്.
കൊക്കോ വികസനത്തിനായുള്ള ഈ സഹകരണ പദ്ധതി, കൃഷിയിലും കാര്‍ഷിക സംരംഭങ്ങളിലും വിജയകരമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് മികച്ച ഉദാഹരണമാണ്. കാഡ്ബറി ഇന്ത്യയും, കാര്‍ഷിക സര്‍വകലാശാലയും തമ്മിലുള്ള പങ്കാളിത്തത്തിന് ശേഷം, കാഡ്ബറീസിന്റെ മാതൃസംഘടനയായ മോണ്‍ഡെലസ് ഇന്റര്‍നാഷണലുമായുള്ള പങ്കാളിത്തം അന്തര്‍ദ്ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മോണ്‍ഡെലസ് പ്രവര്‍ത്തന മേഖലയില്‍ ഇന്ത്യ ഉള്‍പ്പെടുന്നതുപോലെ, ഈ പദ്ധതി യു.കെ യൂണിറ്റിന്റെ പരിധിയിലും വരും. പുതിയ കരാര്‍ അനുസരിച്ച് 2018 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് പദ്ധതി വിപുലീകരിക്കുക.
പദ്ധതി പ്രകാരം, രാജ്യത്തെ കൊക്കോക്കൃഷി വികസനത്തിന് സാമ്പത്തിക സഹായമായി മോണ്‍ഡെലസ് 2,47,000 ഡോളര്‍ നല്‍കും. പ്രവര്‍ത്തന ചെലവുകള്‍, ഗവേഷണ സഹായം, ലാബ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയും ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങളും മാനവശേഷി പിന്തുണയും കാര്‍ഷിക സര്‍വ്വകലാശാലയാണ് നല്‍കുക.
കാര്‍ഷിക വികസനത്തിനും കൃഷിക്കാരുടെ വരുമാനത്തിനും സഹായകമായിട്ടുള്ള ഈ കരാര്‍ നിലനിര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു പറഞ്ഞു.
കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പുനല്‍കുന്ന ഒരു വിശ്വസനീയമായ ഇടവിളയാണ് കൊക്കോ. തേങ്ങ, റബ്ബര്‍, വാഴ തുടങ്ങിയ തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് അനുയോജ്യമാണ്. നിലവിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച സങ്കരയിനങ്ങളാണ് ഇന്ത്യയിലെ കൊക്കോ കൃഷിയുടെ 90 ശതമാനത്തില്‍ കൂടുതലും ഉള്ളത്. 2017 ലെ ആഭ്യന്തര കൊക്കോ ഉത്പാദനം 18,000 ടണ്‍ ആയിരുന്നു.
വര്‍ഷത്തില്‍ കുറഞ്ഞത് 6,000 ഹെക്ടറിലേക്ക് കൊക്കോ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. രോഗ പ്രതിരോധശക്തിയുള്ളതും വരള്‍ച്ചയെ പ്രതിരോധിക്കുന്നതുമായ ഹൈബ്രിഡ്ഡുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രയത്‌നങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാല തുടരുകയാണ്. പരിസ്ഥിതി സൗഹൃദ കൊക്കോ കൃഷിയും മാര്‍ക്കര്‍ സഹായത്തോടെയുള്ള ബ്രീഡിംഗ് പരിപാടികളും നല്ല കൃഷി രീതികള്‍ വികസിപ്പിക്കുന്നതും ഗവേഷണ അജന്‍ഡയില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share your comments