പൊതുമേഖലാ സ്ഥാപനമായ കെൽപാമിന്റെ പുതിയ പെറ്റ് ബോട്ടിൽ യൂണിറ്റിൽ നിന്ന് 6 തരം കോളകൾ വിപണിയിൽ ഇറക്കി.വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സിനിമാ താരം മഞ്ജുവാര്യര്‍ക്ക് നല്‍കി കോളയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.പനം പഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ജിഞ്ചര്‍, ലെമണ്‍, ഗുവ എന്നീ ആറു രുചികളിലാണ് കോളകള്‍ ഉല്‍പാദിപ്പിക്കുന്നത്. 250 എം എൽ ബോട്ടിലിന് 18 രൂപയാണ് വില.
തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉല്‍പ്പാദന യൂണിറ്റുകളാണ് കെല്‍പാമിനുള്ളത്. ഇവിടങ്ങളില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്. തിരുവനന്തപുരത്ത് നിലവില്‍ സെമി ഓട്ടോമാറ്റിക്ക് പെറ്റ്‌ബോട്ടില്‍ യൂണിറ്റാണുള്ളത്. പൂർണമായും ഓട്ടോമാറ്റിക്കാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.കെല്‍പാം ഉല്‍പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ സീസണ്‍ അനുസരിച്ച് മാത്രം ലഭിക്കുന്നതിനാല്‍ അവ സംസ്‌കരിച്ച് ശീതീകരിച്ച് സൂക്ഷിക്കാന്‍ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ ഒരുക്കിയിട്ടുണ്ട്.
ഒപ്പം ഉല്‍പന്ന ഗുണമേന്മ ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും സജ്ജമാക്കി.കെല്‍പാം ഉല്‍പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്മാര്‍ക്ക്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, എഫ്എസ്എസ്എഐ എന്നീ അംഗീകാരങ്ങള്‍ ലഭ്യമാക്കി. പനംപഴത്തില്‍ നിന്നും നൊങ്കില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സ്‌ക്വാഷിനും ജാമിനും കെല്‍പാമിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.പനം സര്‍ബത്ത്, പനം കല്‍ക്കണ്ടം, പനം കരുപ്പട്ടി ,പനം കിഴങ്ങും തേനും ചേര്‍ത്തു കുട്ടികള്‍ക്കുള്ള പോഷകാഹാരം എന്നിവയുടെ ഉല്‍പാദനം ഉടൻ തുടങ്ങും.
പാലക്കാടും സമീപപ്രദേശങ്ങളിലും ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള അരിയാക്കി വിപണിയിലെത്തിക്കാനും നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാനും ആലത്തൂരിനടുത്ത കല്ലേപ്പുള്ളിയില്‍ ആധുനിക റൈസ്മില്ലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.കെല്‍പാമിന്റെ കൈവശമുള്ള 1.2 ഏക്കര്‍ സ്ഥലത്ത് 9.61 കോടി രൂപ ചെലവിലാണ് മില്‍ സജ്ജമാക്കുന്നത്.
Share your comments